| Saturday, 21st February 2026, 4:16 pm

ഇങ്ങനെയെങ്കില്‍ ടീമില്‍ സഞ്ജുവെത്തും; ഹര്‍ഭജന്‍ സിങ്

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യക്കായി ഒരു മത്സരത്തില്‍ മാത്രം കളത്തിലിറങ്ങിയിട്ടും ക്രിക്കറ്റ് ലോകത്തെ സജീവ ചര്‍ച്ചയിലുള്ള ഒരു പേരാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. അതിന് ഒരു പ്രധാന കാരണം ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോമാണ്.

ആദ്യ മൂന്ന് മത്സരങ്ങളിലും കളിച്ച അഭിഷേക് ഇതുവരെ റണ്‍സൊന്നും എടുത്തിട്ടില്ല. അതിനാല്‍ തന്നെ സഞ്ജു ടീമിലെലേക്ക് തിരിച്ചെത്തണം എന്ന അഭിപ്രായക്കാരുണ്ട്. അതുപോലെ തന്നെ അഭിഷേകിന് കുറച്ച് കൂടി അവസരം നല്‍കണമെന്ന പക്ഷക്കാരുമുണ്ട്.

ഹര്‍ഭജന്‍ സിങ്. Photo: Cricketaddictor/x.com

ഇപ്പോള്‍ ഇരുവരെയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. അഭിഷേക് തന്റെ മോശം ഫോം തുടര്‍ന്നാല്‍ സഞ്ജു ഉടനെ തന്നെ ടീമിലെത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അഭിഷേക് ഉടന്‍ തന്നെ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍ സിങ്.

‘അഭിഷേക് ശര്‍മ ഉടനെ ഫോമിലെത്തിയില്ലെങ്കില്‍ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ സഞ്ജു സാംസണ്‍ ടീമിലെത്തിയേക്കും. പക്ഷേ സൗത്ത് ആഫ്രിക്കക്ക് എതിരെ അഭിഷേക് ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് എന്റെ പ്രതീക്ഷ. അതോടെ ബാക്കിയെല്ലാം ശരിയാവും,’ ഹര്‍ഭജന്‍ പറഞ്ഞു.

അഭിഷേക് ശർമയും സഞ്ജു സാംസണും. Photo: BCCI/x.com

അഭിഷേക് പന്തിനെ കൃത്യമായി ശ്രദ്ധിക്കുകയും ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഇത് പിന്തുടര്‍ന്നാല്‍ എല്ലാം താനേ ശരിയാകും. കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ ലോക പ്രശസ്തി നേടാന്‍ സാധിച്ചിട്ടുണ്ട്. എതിരാളികളെ ഭയപ്പെടുത്താനും അവന് സാധിച്ചു. അവന് ആത്മവിശ്വാസവും ടീമിന്റെ പിന്തുണയുമാണ് ഇപ്പോള്‍ ആവശ്യമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള സൂപ്പര്‍ 8 പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. നാളെ (ഫെബ്രുവരി 22) ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.

Content Highlight: Harbhajan Sing about Abhishek Sharma and possibility of Sanju Samson return to Indian team in T20 World Cup

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more