| Wednesday, 23rd September 2015, 10:06 am

ഹാപ്പി ബര്‍ത്‌ഡേ ടൂ യൂ... ഗാനം ഇനി ആര്‍ക്കും സ്വന്തമല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോസ് ഏഞ്ചല്‍സ്: ഹാപ്പി ബര്‍ത് ഡേ ടൂ യൂ..ലോകത്തെ എല്ലാ ഭാഷക്കാരും പിറന്നാളാശംസ അറിയിക്കാനായി പാടുന്ന വരികളാണ് ഇത്.

എന്നാല്‍ ഈ വരികള്‍ സിനിമയിലോ മറ്റോ ഉപയോഗിക്കുമ്പോള്‍ വാര്‍ണര്‍ ഗ്രൂപ്പിന് കോപ്പി റൈറ്റ് പ്രകാരം റോയല്‍റ്റി നല്‍കണമെന്നായിരുന്നു നിയമം.

രണ്ട് വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധത്തിന് ശേഷം ഹാപ്പി ബര്‍ത് ഡേ എന്ന ഗാനത്തിന് ആര്‍ക്കും റോയല്‍റ്റി നല്‍കേണ്ടെന്നാണ് ഇപ്പോള്‍ യു.എസ് കോടതി വിധിച്ചിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് ഹാപ്പി ബര്‍ത് ഡേ ഗാനം ഉപയോഗിക്കുന്നതിന് യാതൊരു തടസവുമില്ലെന്നും വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പിന് അതിന്‍മേലുണ്ടായിരുന്ന പകര്‍പ്പവകാശം ഇനി ഉണ്ടായിരിക്കുന്നതല്ലെന്നും ലോസ് ഏഞ്ചല്‍സ് കോടതിയിലെ ജഡ്ജി ജോര്‍ജ് കിങ് വിധിയില്‍ പ്രസ്താവിച്ചു.

ഹാപ്പി ബര്‍ത്‌ഡേ ഗാനം ഒരു സിനിമയില്‍ ഉപയോഗിച്ചതിന് വാര്‍ണര്‍ മ്യൂസിക് ഗ്രൂപ് 1,500 ഡോളറായിരുന്നു റോയല്‍റ്റിയായി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ഗാനം രൂപപ്പെടുന്നത് 19 ാം നൂറ്റാണ്ടിലാണെന്നും ഇതില്‍ ആര്‍ക്കും പ്രത്യേക അവകാശം ഇല്ലെന്നും എതിര്‍വിഭാഗം ആരോപിച്ചു.

തുടര്‍ന്നാണ് ആര്‍ക്കും ഹാപ്പി ബര്‍ത് ഡേ ഗാനത്തിന്‍മേല്‍ പ്രത്യേക അവകാശമില്ലെന്ന വിധി കോടതി പ്രസ്താവിക്കുന്നത്.

പാറ്റി സ്മിത്ത് ഹില്‍, മില്‍ഡ്രഡ് ജെ. ഹില്‍ എന്നീ അമേരിക്കന്‍ സഹോദരിമാരാണ് ഗാനം രചിച്ചതും സംഗീതം നല്‍കിയതും.

പാറ്റി സ്മിത്ത് ഹില്‍ കെന്റക്കിയിലെ ലൂയിവില്‍ എക്‌സ്പിരിമെന്റല്‍ കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പലും മില്‍ഡ്രഡ് ജെ. ഹില്‍ അതേ സ്‌കൂളിലെ അദ്ധ്യാപികയും പിയാനിസ്റ്റുമായിരുന്നു.

ഗുഡ് മോണിങ് റ്റു ഓള്‍ എന്ന അവരുടെ മറ്റൊരു ഗാനത്തിന്റെ ഈണം പറ്റിയാണ് ഈ ഗാനം പിറവി കൊണ്ടത്.

1893ലാണ് ഗുഡ് മോണിങ് ടൂ ഓള്‍ അവതരിപ്പിക്കപ്പെട്ടത്. കുട്ടികള്‍ക്കായുള്ള സോങ് സ്റ്റോറീസ് ഫോര്‍ ദ് കിന്റര്‍ഗാര്‍ട്ടന്‍ എന്ന പുസ്തകത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.

എന്നാല്‍, ഹൊറേസ് വാട്ടേഴ്‌സിന്റെ ഹാപ്പി ഗ്രീറ്റിങ്‌സ് ടു ഓള്‍ (1858), ഗുഡ് നൈറ്റ് ടു യു ഓള്‍ (1858), എ ഹാപ്പി ന്യൂ ഇയര്‍ ടു ഓള്‍ (1875), എ ഹാപ്പി ഗ്രീറ്റിങ് ടു ഓള്‍ (1885) തുടങ്ങി മറ്റു ചില ഗാനങ്ങളുടെ ചുവടുപിടിച്ചാണ് ഗാനം സൃഷ്ടിക്കപ്പെട്ടതെന്നും പറയപ്പെടുന്നു.

ഗാനത്തിലെ ചില വാക്കുകള്‍ മാറ്റി ജന്മദിനങ്ങളില്‍ ഗാനം പാടാന്‍ തുടങ്ങിയതോടെ ഹാപ്പി ബര്‍ത്ത്‌ഡേ ടു യൂ ജന്മം കൊണ്ടു.

1912ലാണ് ഗാനത്തിന്റെ വരികളും ഈണവും ഉള്‍പ്പെടുത്തി ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. 100 വര്‍ഷം കൊണ്ട് ഗാനത്തിന്റെ പകര്‍പ്പവകാശം പലരും കൈമാറി വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പില്‍ എത്തി നില്‍ക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more