| Wednesday, 14th January 2026, 8:24 pm

സഞ്ജുവിനെ ചെന്നൈയ്ക്ക് ആവശ്യമില്ല, ലക്ഷ്യം മറ്റൊന്ന്; തുറന്നടിച്ച് ഹനുമാ വിഹാരി

ശ്രീരാഗ് പാറക്കല്‍

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ 2026ലെ ഐ.പി.എല്‍ സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയിരുന്നു. 18 കോടിയുടെ ട്രേഡായിരുന്നു ചെന്നൈ താരത്തിനായി നടത്തിയത്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡുകളിലൊന്നായിരുന്നു ഇത്.

മാത്രമല്ല രവീന്ദ്ര ജഡേജ സാം കറന്‍ എന്നീ താരങ്ങളേയും ട്രേഡിനായി ചെന്നൈക്ക് വിട്ടുനല്‍കേണ്ടി വന്നിരുന്നു. ഇപ്പോള്‍ സഞ്ജുവിന്റെ ട്രേഡിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹനുമാ വിഹാരി.

സഞ്ജുവിന്റെ ആരാധകര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും അതുകൊണ്ടുതന്നെ ഐ.പി.എല്‍ ടീമുകള്‍ ഒരു കളിക്കാരന് ടീമില്‍ എത്രത്തോളം വാണിജ്യ മൂല്യം കൊണ്ടുവരാന്‍ കഴിയുമെന്നതിലാണ് ശ്രദ്ധിക്കുന്നതെന്ന് വിഹാരി പറഞ്ഞു.

സി.എസ്.കെയ്ക്ക് ഒരു ഓപ്പണറുടെ ആവശ്യമില്ലെന്നും റുതുരാജ് ഗെയ്ക്വാദ് ഓപ്പണിങ്ങില്‍ കളിക്കുന്ന താരമാണെന്നും, അതിനാല്‍ അവര്‍ക്ക് സഞ്ജുവിനെ ആവശ്യമില്ലെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു വിഹാരി.

‘സൗത്ത് ഇന്ത്യയില്‍ സഞ്ജു സാംസണിന് വലിയ ആരാധക പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ ഐ.പി.എല്‍ ടീമുകളുടെ ഉടമകള്‍ ക്രിക്കറ്റിനപ്പുറം ചിന്തിക്കുന്നു. ഒരു കളിക്കാരന് ടീമില്‍ എത്രത്തോളം വാണിജ്യ മൂല്യം കൊണ്ടുവരാന്‍ കഴിയുമെന്നതിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സഞ്ജു സാംസണിന് ആരാധകര്‍ നല്‍കുന്ന പിന്തുണ വലുതാണ്. എവിടെ മത്സരങ്ങള്‍ നടന്നാലും കേരള ആരാധകര്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ എത്തുന്നു. അടുത്ത സീസണിലേക്ക് സി.എസ്.കെയ്ക്ക് ഒരു ഓപ്പണറുടെ ആവശ്യമില്ല. അവര്‍ക്ക് ഇതിനകം തന്നെ ഓപ്പണര്‍മാരുണ്ട്.

റുതുരാജ് ഗെയ്ക്വാദ് ഓപ്പണിങ്ങില്‍ കളിക്കുന്ന താരമാണ്. അതിനാല്‍, അവര്‍ക്ക് ടീമില്‍ സഞ്ജുവിനെ ആവശ്യമില്ലായിരുന്നു. പരിക്കില്‍ നിന്ന് തിരിച്ചെത്തിയ ശേഷം, കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി മൂന്നാം നമ്പറിലും അദ്ദേഹം കളിച്ചു,’ വിഹാരി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പറഞ്ഞു.

Content Highlight: Hanuma Vihari Talking About Sanju Samson And Chennai Super Kings

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more