| Wednesday, 22nd July 2026, 3:01 pm

ലോകകപ്പിലേക്ക് നിങ്ങള്‍ അവനെ എങ്ങനെ തെരഞ്ഞെടുക്കും? ഇന്ത്യയെ വിമര്‍ശിച്ച് ഹനുമ വിഹാരി

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ വിമര്ശനവുമായി മുന്‍ താരം ഹനുമ വിഹാരി. ലോര്‍ഡ്‌സ് ഒരു സ്‌ലോ വിക്കറ്റാണെന്നും ആ വിക്കറ്റില്‍ നിങ്ങള്‍ നാല് ഫാസ്റ്റ് ബൗളര്‍മാരെ കളിപ്പിച്ചിട്ടും കുല്‍ദീപിനെ കളിപ്പിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്പിന്നറെ കളിപ്പിക്കാത്തത് ഒരു ഞെട്ടിപ്പിക്കുന്ന കാര്യമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

‘ലോര്‍ഡ്‌സ് ഒരു സ്‌ലോ വിക്കറ്റാണ്. ആ വിക്കറ്റില്‍ നിങ്ങള്‍ നാല് ഫാസ്റ്റ് ബൗളര്‍മാരെ കളിപ്പിച്ചു, കുല്‍ദീപിനെ കളിപ്പിച്ചില്ല. അത് ഒരു ഞെട്ടിപ്പിക്കുന്ന കാര്യമായിരുന്നു. നിങ്ങള്‍ അദ്ദേഹത്തെ ടീമില്‍ എടുത്തെങ്കിലും ഇതുപോലുള്ള ഒരു പരമ്പരയില്‍ അവസരം നല്‍കിയില്ലെങ്കില്‍, ലോകകപ്പിലേക്ക് നിങ്ങള്‍ അവനെ എങ്ങനെ തെരഞ്ഞെടുക്കും? ഇതുപോലുള്ള ഒരു പരമ്പര തോറ്റതിന് ശേഷം എല്ലാവരും ചോദിക്കേണ്ട ഒരു ചോദ്യമാണിത്,’ ഹനുമ വിഹാരി തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയില്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 121 ഏകദിനത്തിലെ 118 ഇന്നിങ്‌സില്‍ നിന്ന് 31 മെയ്ഡന്‍ ഉള്‍പ്പെടെ 194 വിക്കറ്റുകളാണ് താരത്തിനുള്ളത്. 6/25 എന്ന മികച്ച ബൗളിങ് പ്രകടനവും 5.07 എന്ന എക്കോണയും 27.1 എന്ന ആവറേജും താരത്തിനുണ്ട്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബൗളിങ് നിരയില്‍ പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റിട്ടും 31കാരനായ കുല്‍ദീപിന് ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയിരുന്നില്ല. ലോര്‍ഡ്‌സില്‍ നടന്ന നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ നാല് പേസര്‍മാരെയും ഒരൊറ്റ സ്പിന്നറായി അക്‌സര്‍ പട്ടേലിനെയുമാണ് ഇന്ത്യ കളിപ്പിച്ചത്.

ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. സീരീസ് ഡിസൈഡറില്‍ മത്സരത്തില്‍ 27 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

അതേസമയം ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പര നാളെ (ജൂലൈ 23) നടക്കും. ഹരാരെ സ്പോര്‍ട്‌സ് ക്ലബ്ബിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്.

Content Highlight: Hanuma Vihari Talking About Kuldeep Yadav And Criticize Indian Team

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more