ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ വൈറ്റ് വാഷ് ചെയ്യാന്‍ സാധ്യത കൂടുതലാണെന്ന് മുന്‍ താരം ഹനുമ വിഹാരി. ടി-20 പരമ്പര ഇംഗ്ലണ്ട് വൈറ്റ്വാഷ് ചെയ്തതിനാല്‍, പ്രത്യേകിച്ച് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ആവശ്യവും അതുതന്നെയാവുമെന്നും വിഹാരി ചൂണ്ടിക്കാട്ടി. മാത്രമല്ല ആദ്യ മത്സരത്തില്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനം നടത്തിയെന്നും മുന്‍ താരം എടുത്തുപറഞ്ഞു.
‘ടി-20 പരമ്പര ഇംഗ്ലണ്ട് വൈറ്റ്വാഷ് ചെയ്തതിനാല്‍, ഏകദിന പരമ്പര ഇന്ത്യ വൈറ്റ്‌വാഷ് ചെയ്യാന്‍ സാധ്യത കൂടുതലാണ്. അവര്‍ക്കത് ആശ്വാസമാകും. പ്രത്യേകിച്ച് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ആവശ്യവും അതുതന്നെയാവും. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഞാന്‍ 2-1 എന്ന പ്രവചനം നടത്തിയിരുന്നു, ഇപ്പോഴും ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കും. പക്ഷേ 3-0 എന്ന സ്‌കോറില്‍ അവര്‍ വളരെ സന്തുഷ്ടരായിരിക്കും.
ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു മനോഭാവം ആവശ്യമാണ്. ഗില്ലിനെ നോക്കൂ, അദ്ദേഹം തന്റെ സംയമനം കാണിച്ചു, ന്യൂ ബോളില്‍ മികച്ച ക്രിക്കറ്റ് ഷോട്ടുകള്‍ കളിച്ചു. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും പുറത്തായപ്പോഴും അദ്ദേഹം ആ സംയമനം കാണിച്ചു. ബാറ്റിങ്ങില്‍ അദ്ദേഹം അസാധാരണനായിരുന്നു. ഈ വിജയത്തോടെ അവര്‍ക്ക് വളരെ ആത്മവിശ്വാസമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു,’ തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയില്‍ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: BCCI/x.com
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസറ്റണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 258 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇംഗ്ലണ്ട്. മറുപടി ബാറ്റിങ്ങില്‍ 45.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു ഇന്ത്യ.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയാണ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്‍ കൂടാരം കയറിയത്. 75 പന്തില്‍ ഒരു സിക്സും 11 ഫോറും ഉള്‍പ്പെടെ 80 റണ്‍സ് നേടിയിരിക്കെ റിട്ടയേഡ് ഹേര്‍ട്ടായാണ് താരം മടങ്ങിയത്. ഹാംസ്ട്രിങ് പരിക്ക് കാരണമാണ് താരം കൂടാരം കയറിയത്. താരത്തിന് പുറമെ 52 പന്തില്‍ പുറത്താകാതെ 57 റണ്‍സ് നേടിയ അക്സര്‍ പട്ടേലും 63 പന്തില്‍ പുറത്താകാതെ 52 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്.
Content Highlight: Hanuma Vihari Talking About Indian Team And Shubhman Gill