വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് പിന്നാലെ പുതുമുഖ താരം ആകിബ് നബിയുടെ പ്രകടനത്തിൽ തുറന്ന പ്രതികരണവുമായി ഇന്ത്യൻ ബാറ്റർ ഹനുമ വിഹാരി. ഗുവാഹത്തിയിൽ നടന്ന രണ്ടാം ഏകദിനത്തിലൂടെയാണ് ജമ്മു കശ്മീർ പേസർ ആകിബ് നബി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.
എന്നാൽ അരങ്ങേറ്റ മത്സരം നബിക്ക് മികച്ചൊരു പ്രകടനം സമ്മാനിച്ചില്ല. നബിയുടെ കഴിവുകൾ പരിഗണിക്കുമ്പോൾ ഏകദിനത്തേക്കാൾ റെഡ്ബോൾ ക്രിക്കറ്റാണ് കൂടുതൽ അനുയോജ്യമെന്നും അരങ്ങേറ്റത്തിന് അദ്ദേഹം തെറ്റായ ഫോർമാറ്റാണ് തെഞ്ഞെടുത്തതെന്നും ഹനുമ വിഹാരി അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു വിഹാരി.
“ആഖിബ് നബി ഏറെ ബുദ്ധിമുട്ടുന്നതാണ് കണ്ടത്. അദ്ദേഹത്തിന് വലിയ വേഗതയില്ല, പ്രധാനമായും സ്വിങ്ങിനെ ആശ്രയിച്ചാണ് ബൗൾ ചെയ്യുന്നത്. എന്നാൽ വൈറ്റ്-ബോൾ ക്രിക്കറ്റിൽ അത്രത്തോളം സ്വിംഗ് ലഭിക്കാറില്ല. അതിനാൽ തന്നെ അദ്ദേഹം കളിക്കുന്നത് തെറ്റായ ഫോർമാറ്റിലാണ്. ടെസ്റ്റ് ക്രിക്കറ്റിൽ അവസരങ്ങൾ നൽകിയാൽ മാത്രമേ അദ്ദേഹത്തിന്റെ യഥാർത്ഥ കഴിവ് പുറത്തുവരൂ. ഏകദിനവും ടി-20യുമല്ല, റെഡ്-ബോൾ ക്രിക്കറ്റാണ് അദ്ദേഹത്തിന്റെ പ്രധാന കരുത്ത്.
ആകിബ് നബി
ഗുർണൂറും 96 റൺസ് വഴങ്ങിയെങ്കിലും അദ്ദേഹത്തിന്റെ തുടക്കകാലമാണിത്. നല്ല വേഗതയുള്ള ബൗളറാണ് അദ്ദേഹം. പ്രസീദ് കൃഷ്ണ ഉൾപ്പെടെയുള്ള എല്ലാ ബൗളർമാരും റൺസ് വിട്ടുകൊടുക്കാൻ ബുദ്ധിമുട്ടി. അതിനാൽ ബൗളിംഗ് പ്രകടനം നിരാശാജനകമായിരുന്നു എന്ന് പറയാമെങ്കിലും, വെസ്റ്റ് ഇൻഡീസും 43 ഓവറിൽ അത്രയും റൺസ് വഴങ്ങുകയുണ്ടായി. ഇത് ബൗളിങിലെ പോരായ്മയാണോ, അതോ ബാറ്റിങ് മികവാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു,’ വിഹാരി പറഞ്ഞു.
വെസ്റ്റ് ഇൻഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 406 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ ഇന്ത്യൻ ബൗളിങ് നിര നല്ലരീതിയിലുള്ള വെല്ലുവിളിയാണ് നേരിട്ടത്. ബൗളർമാർക്ക് ഒട്ടും ആനുകൂല്യമില്ലാത്ത ഫ്ലാറ്റ് പിച്ചായതിനാൽ, സന്ദർശകരായ ബൗളർമാർക്കും റൺസ് നിയന്ത്രിക്കാൻ കഠിനമായി പ്രയത്നിക്കേണ്ടി വന്നു.
മറുപടി ബാറ്റിംഗിൽ ശുഭ്‌മാൻ ഗില്ലും സംഘവും വെറും 43.3 ഓവറിൽ 406 റൺസ് അനായാസം മറികടക്കുകയായിരുന്നു . ഇന്ത്യൻ ബൗളിംഗ് പ്രകടനം നിരാശാജനകമായിരുന്നെന്നും പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് ബൗളർമാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ഹനുമ വിഹാരി അഭിപ്രായപ്പെട്ടു.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് . ഒക്‌ടോബര്‍ മൂന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി. മത്സരത്തിൽ മികച്ച ബൗളിങ് പ്രകടനം കാണാൻ സാധിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
Content Highlights: Hanuma Vihari stated that Auqib Nabi chose the wrong format for his international debut, as his strengths lie in red-ball Test cricket rather than ODI cricket