| Saturday, 25th July 2026, 8:34 am

ടീമിന്റെ ഗതി മാറ്റിമറിക്കാന്‍ കഴിവുള്ള എക്‌സ് ഫാക്ടര്‍ താരമാണവന്‍: ഹനുമ വിഹാരി

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മികവ് പുലര്‍ത്താന്‍ സാധിക്കാത്തതിന് പിന്നാലെ വൈഭവിന് അവസാന മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു.

ശേഷം സിംബാബ്‌വേയ്‌ക്കെതിരായ പരമ്പരയില്‍ താരം എത്ര സമ്മര്‍ദത്തോടെയായിരിക്കും കളിച്ചതെന്ന് പറയുകയാണ് വിഹാരി. എന്നിട്ടും വൈഭവ് ഭയമില്ലാതെ കളിച്ചെന്നും ടീമിന്റെ ഗതി മാറ്റിമറിക്കാന്‍ കഴിവുള്ള എക്സ്-ഫാക്ടര്‍ താരമാണ് വൈഭവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വൈഭവ് സൂര്യവംശിയുടെ മേല്‍ എത്രമാത്രം സമ്മര്‍ദമുണ്ടായിരുന്നിരിക്കുമെന്ന് ഒന്ന് ആലോചിച്ചുനോക്കൂ. വെറും 15 വയസുള്ള ഒരു കുട്ടിയാണ്, പക്ഷേ പ്രതീക്ഷകള്‍ ആകാശത്തോളം ഉയര്‍ന്നിരുന്നു. അതിന് അനുസരിച്ച് പ്രകടനം കാഴ്ചവെക്കാന്‍ അവന് കഴിഞ്ഞിരുന്നില്ല.

എന്നിട്ടും വീണ്ടും മൈതാനത്തിറങ്ങി, യാതൊരു ഭയവുമില്ലാതെ, അതേ ആത്മവിശ്വാസത്തോടെ, തന്റെ സ്വാഭാവിക ശൈലിയില്‍ തന്നെ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞു. എന്തൊരു താരമാണ് അവന്‍!

വൈഭവ് സൂര്യവംശി

ടീമിന്റെ ഗതി മാറ്റിമറിക്കാന്‍ കഴിവുള്ള ആ ‘എക്സ്-ഫാക്ടര്‍’ താരമാണ് വൈഭവ് സൂര്യവംശി,’ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അരങ്ങേറ്റം നടത്തിയിരുന്നെങ്കിലും കളിച്ച മൂന്ന് മത്സരങ്ങളില്‍ യഥക്രമം 14, 13, 15 എന്നിങ്ങനെയാണ് വൈഭവ് സ്‌കോര്‍ നേടിയത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം മത്സരത്തില്‍ വൈഭവിനെ മാറ്റി സഞ്ജുവിനെ തിരികെ കൊണ്ടുവരികയായിരുന്നു ടീം. പരമ്പരയില്‍ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുകയായിരുന്നു ത്രീ ലയണ്‍സ്.വൈഭവ് സൂര്യവംശി

അതേസമയം സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമായിരുന്നു സ്വന്തമാക്കിയത്. ഹരാരേ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ വിജയമായിരുന്നു ഇത്.

സൂര്യവംശിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. അരങ്ങേറ്റത്തിന് ശേഷം ഇന്ത്യക്ക് വേണ്ടി താരം നേടുന്ന ആദ്യ ഫിഫ്റ്റിയായിരുന്നു ഇത്.

Content Highlight: Hanuma Vihari Says Vaibhav Sooryavanshi Is X-Factor Of Indian Team

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more