വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ അനുഭവസമ്പന്നനായ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യന്‍ ടീമിലേക്ക് തിരികെ കൊണ്ടുവരണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി.
പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 351 റണ്‍സ് ഉയര്‍ത്തിയിട്ടും ഇന്ത്യ തോല്‍വി വഴങ്ങിയ പശ്ചാത്തലത്തിലാണ് വിഹാരിയുടെ പ്രസ്താവന. മത്സരത്തില്‍ 48.2 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് ലക്ഷ്യം മറികടന്നിരുന്നു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിഹാരി അഭിപ്രായം വ്യക്തമാക്കിയത്.
ഹനുമ വിഹാരി
‘അവര്‍ ഭുവനേശ്വര്‍ കുമാറിനെ ടീമിലേക്ക് തിരികെ കൊണ്ടുവരണം. എന്റെ അഭിപ്രായത്തില്‍ ഇപ്പോഴും രാജ്യത്തെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഐ.പി.എല്ലില്‍ അദ്ദേഹം അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ടീമിന് ആവശ്യമായ ആ ശാന്തത കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിയും. സെലക്ടര്‍മാരും മാനേജ്‌മെന്റും കോച്ചും ക്യാപ്റ്റനും ഇതേക്കുറിച്ച് ചിന്തിക്കണം,’ വിഹാരി പറഞ്ഞു.
ഭുവനേശ്വര്‍ കുമാര്‍. Photo: BCCI/x.com
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെയും മാത്രം ആശ്രയിച്ച് ടീം മുന്നോട്ട് പോകരുതെന്നും കൃത്യമായ ബാക്കപ്പ് പ്ലാന്‍ ടീമിന് ഉണ്ടായിരിക്കണമെന്നും വിഹാരി ചൂണ്ടിക്കാട്ടി.
‘നിങ്ങള്‍ക്ക് കൃത്യമായ ബൗളിംഗ് കോമ്പിനേഷന്‍ വേണം. പരിക്കുകള്‍ ഉണ്ടാകുമ്പോള്‍ ബാക്കപ്പ് ഉണ്ടായിരിക്കണം. പരിചയസമ്പത്തിന് പ്രാധാന്യം നല്‍കി ഭുവനേശ്വറിനെയും മുഹമ്മദ് ഷമിയെയും തിരികെ കൊണ്ടുവരാന്‍ ഞാന്‍ പറയും. അത് ബൗളിങ് നിരയ്ക്ക് സുരക്ഷിതത്വം നല്‍കും.
മുഹമ്മദ് ഷമി | ഭുവനേശ്വര്‍ കുമാര്‍
ജസ്പ്രീത് ബുംറയ്‌ക്കൊപ്പമോ മുഹമ്മദ് സിറാജിനൊപ്പമോ ന്യൂ ബോള്‍ എറിയാന്‍ ഭുവനേശ്വര്‍ കുമാറിനെപ്പോലൊരാള്‍ ആവശ്യമാണ്. പ്രസിദ്ധ് കൃഷ്ണ ഒരു പ്രോപ്പര്‍ ന്യൂബോള്‍ ബൗളറല്ല,’ വിഹാരി തുറന്നടിച്ചു.
‘വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തെ തുറന്നുകാട്ടി. ലോകകപ്പിലേക്ക് പോലും യോഗ്യത നേടാത്ത ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. അങ്ങനെയെങ്കില്‍ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ വന്‍കിട ടീമുകള്‍ക്കെതിരെ എന്താകും അവസ്ഥ? ബുംറയ്‌ക്കോ ഹര്‍ദിക്കിനോ പരിക്കേറ്റാല്‍ പകരം വിക്കറ്റ് വീഴ്ത്താന്‍ ആരുണ്ട്?,’ വിഹാരി ചോദിച്ചു.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 2025, 2026 സീസണുകളില്‍ തുടര്‍ച്ചയായി ഐ.പി.എല്‍ സീസണുകളില്‍ കിരീടം നേടുന്നതില്‍ ഭുവനേശ്വര്‍ കുമാര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഈ രണ്ട് സീസണുകളിലായി 30 മത്സരങ്ങളില്‍ നിന്ന് 21.87 ശരാശരിയിലും 8.56 എക്കോണമിയിലും 45 വിക്കറ്റുകളാണ് ഭുവി വീഴ്ത്തിയത്.
ഭുവനേശ്വർ കുമാർ. Photo: RCB/x.com
ഇന്ത്യയ്ക്കായി ഏകദിന ഫോര്‍മാറ്റില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത പാരമ്പര്യമാണ് ഭുവനേശ്വര്‍ കുമാറിനുള്ളത്. ഇന്ത്യയ്ക്കായി കളിച്ച 121 ഏകദിന മത്സരങ്ങളില്‍ നിന്ന് 5.08 എന്ന മികച്ച എക്കോണമിയില്‍ 141 വിക്കറ്റുകള്‍ ഭുവി സ്വന്തമാക്കിയിട്ടുണ്ട്.
ന്യൂ ബോളില്‍ ഇരുവശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള അസാധാരണ കഴിവ് പവര്‍പ്ലേ ഓവറുകളില്‍ ഇന്ത്യയ്ക്ക് എന്നും വലിയ മേല്‍ക്കൈ നല്‍കിയിരുന്നു. തുടക്കത്തിലെ വിക്കറ്റുകള്‍ വീഴ്ത്തുന്നതിനൊപ്പം ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകളും സ്ലോവര്‍ ബോളുകളും കൃത്യതയോടെ എറിഞ്ഞ് റണ്‍നിരക്ക് നിയന്ത്രിക്കാനും അദ്ദേഹം വലിയ പങ്ക് വഹിച്ചു.
Content Highlight: Hanuma Vihari says Bhuvneshwar Kumar should be brought back into the Indian team.