നാല് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ ഇപ്പോഴും സജീവമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ബൗളിങ്ങില്‍ അനുഭവസമ്പത്ത് അത്യന്താപേക്ഷിതമാണെന്നും അവിടെയാണ് ഭുവനേശ്വറിന്റെ സാന്നിധ്യം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നതെന്നും വിഹാരി അഭിപ്രായപ്പെട്ടു.
ഹനുമ വിഹാരി
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അദ്ദേഹത്തിന്റെ ലോകകപ്പ് സ്വപ്നം ഇപ്പോഴും സജീവമാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ പറ്റിയ സമയമാണിത്. ഇപ്പോള്‍ ന്യൂസിലാന്‍ഡാണ്, അതിന് ശേഷം അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം സൗത്ത് ആഫ്രിക്കയാണ്.
അദ്ദേഹം എന്റെ വ്യക്തിപരമായ ഇഷ്ടതാരമായതുകൊണ്ടാണ് ഇതൊന്നും പറയുന്നതെന്ന് കരുതേണ്ട. ഇന്ത്യന്‍ ടീമിന് അനുഭവസമ്പത്ത് ആവശ്യമാണ്, അവിടെയാണ് അദ്ദേഹത്തിന് വ്യത്യാസം സൃഷ്ടിക്കാന്‍ കഴിയുക,’ വിഹാരി പറഞ്ഞു.
ഭുവനേശ്വര്‍ കുമാര്‍
‘ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയിരിക്കുകയാണ്. അദ്ദേഹം നേരിട്ട് ന്യൂസിലാന്‍ഡിലേക്ക് പോകുകയാണ്. ഇത് ഒരു തുടക്കം മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം ടി-20യില്‍ മാത്രം ഒതുങ്ങില്ല. 50 ഓവര്‍ ലോകകപ്പിലും അദ്ദേഹം തീര്‍ച്ചയായും ഉണ്ടാകും.
അദ്ദേഹത്തെ ടീമിലെടുത്തവര്‍ക്ക് അഭിനന്ദനങ്ങള്‍. അനുഭവസമ്പത്ത് നിര്‍ണായകമാകും. ലോകകപ്പ് സൗത്ത് ആഫ്രിക്കയിലാണ് നടക്കുന്നത്. അവിടെ അനുഭവസമ്പത്ത് തീര്‍ച്ചയായും പ്രാധാന്യമര്‍ഹിക്കും. ഇതൊരു ആദ്യ പടിയാണ്. നിലവില്‍ ബൗളിങ്ങില്‍ ഒരു പോരായ്മയുണ്ടെന്നത് വ്യക്തമാണ്,’ വിഹാരി കൂട്ടിച്ചേര്‍ത്തു.
‘മുഹമ്മദ് ഷമിയെ എന്തുകൊണ്ട് തിരികെ വിളിക്കുന്നില്ല എന്ന് പലരും ചോദിക്കുന്നുണ്ട്. ഭുവനേശ്വറും ഷമിയും തമ്മിലുള്ള പ്രധാന വ്യത്യാസം, ഐ.പി.എല്ലില്‍ ഞാന്‍ കണ്ടതുപോലെ ഭുവി ന്യൂ ബോളില്‍ നല്‍കുന്ന മേന്മയാണ്; നിലവില്‍ ഇന്ത്യക്ക് പോരായ്മയുള്ളതും അവിടെയാണ്.
ആരാണ് നമ്മള്‍ക്കായി ന്യൂ ബോള്‍ എറിയാനുള്ളത്? സിറാജോ? അര്‍ഷ്ദീപ് ഏകദിനങ്ങളില്‍ ഇതുവരെ പൂര്‍ണമായി വിജയിച്ചിട്ടില്ല. ബുംറ ബുംറ തന്നെയാണ്, എന്നാല്‍ ഭുവനേശ്വര്‍ കൂടെയെത്തുമ്പോള്‍ ബുംറയുടെ കരുത്തും കൂടും. അതോടെ മിഡില്‍ ഓവറുകളില്‍ നമുക്ക് ആവശ്യത്തിന് ബാക്കപ്പ് ലഭിക്കും. ന്യൂബോളിലെ നിങ്ങളുടെ സ്‌പെഷ്യലിസ്റ്റ് ബൗളറാണ് ഭുവനേശ്വര്‍,’ ഹനുമ വിഹാരി വ്യക്തമാക്കി.
ഭുവനേശ്വര്‍ കുമാര്‍
2018ല്‍ തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ച ഭുവനേശ്വര്‍ കുമാര്‍, 2022 ജനുവരി 21ന് സൗത്ത് ആഫ്രിക്കയ്ക്കെതിരെയാണ് അവസാന ഏകദിനം കളിച്ചത്. അതേ വര്‍ഷം നംവബര്‍ 22നായിരുന്നു ഭുവിയുടെ അവസാന അന്താരാഷ്ട്ര ടി-20 മത്സരം. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ അവസാന ടി-20യിലായിരുന്നു താരം അവസാനമായി ദേശീയ ടീമിന് വേണ്ടി കളിച്ചത് എന്നതും ശ്രദ്ധേയമായിരുന്നു.
ഐ.പി.എല്ലിലടക്കം തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ഇന്ത്യന്‍ ടീമിലെ മിക്ക ബൗളര്‍മാര്‍ അടി വാങ്ങിക്കൂട്ടുമ്പോഴും ഭുവനേശ്വര്‍ സ്‌ക്വാഡിന് പുറത്തായിരുന്നത് ആരാധകരെ ഏറെ നിരാശയിലേക്ക് തള്ളിയിട്ടിരുന്നു. നാല് വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യന്‍ ജേഴ്സിയിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഭുവിയില്‍ ആരാധകര്‍ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷയും വാനോളമാണ്.
ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി-20 സ്‌ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.
Content Highlight: Hanuma Vihari says Bhuvneshwar Kumar’s World Cup dreams are not over.