അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോഹ്ലി നൂറ് സെഞ്ച്വറി പൂര്‍ത്തിയാക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടെ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി.
തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന വിരാടിനെ സംബന്ധിച്ച് ഈ നേട്ടത്തിലെത്തുക ബുദ്ധിമുട്ടാണ് എന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ലെന്നും, ഈ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുന്ന ഏക താരം വിരാട് കോഹ്‌ലിയാണെന്നും വിഹാരി പറഞ്ഞു.
ഹനുമ വിഹാരി. Photo: BCCI
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഹനുമ വിഹാരി വിരാടിന്റെ ബാറ്റിങ്ങിനെ കുറിച്ച് സംസാരിച്ചത്.
‘കോഹ്‌ലിക്ക് 100 സെഞ്ച്വറികള്‍ തികയ്ക്കാന്‍ സാധിക്കുമോ എന്നതാണ് നിലവിലെ ഏറ്റവും വലിയ ചോദ്യം. 2027 ലോകകപ്പ് വരെ ഇനി ഏകദേശം 25 മുതല്‍ 30 മത്സരങ്ങള്‍ മാത്രമേ അദ്ദേഹത്തിന് ലഭിക്കൂ എന്നാണ് ഞാന്‍ കരുതുന്നത്. അത് ഒരിക്കലും എളുപ്പമുള്ളൊരു ദൗത്യമല്ല.
വിരാട് കോഹ്ലി. Photo: BCCI/x.com
എന്നാല്‍ ഈ ഫോര്‍മാറ്റില്‍ വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ഒന്നും അസാധ്യമല്ല. കളിക്കുന്ന രണ്ടിലൊരു ഇന്നിങ്‌സില്‍ വീതം സെഞ്ച്വറി നേടുന്ന ഒരു താരത്തെ കുറിച്ച് ‘ഇത് നേടുക ബുദ്ധിമുട്ടാണ്’ എന്ന് പറയാന്‍ കഴിയില്ല.
ഇനി ലോകകപ്പിന് മുന്‍പ് 95 അല്ലെങ്കില്‍ 96 സെഞ്ച്വറികളില്‍ എത്തിനില്‍ക്കുകയാണെങ്കില്‍, ഈ റെക്കോഡിന് വേണ്ടി മാത്രം അദ്ദേഹം ലോകകപ്പിന് ശേഷവും കളി തുടരുമോ എന്ന് എനിക്ക് സംശയമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയുന്നത് വരെ അദ്ദേഹത്തിന് വേണമെങ്കില്‍ എളുപ്പത്തില്‍ കളി തുടരാമായിരുന്നു, എന്നാല്‍ അദ്ദേഹം അത് ചെയ്തില്ല.
വിരാട് കോഹ്ലി. Photo: BCCI/x.com
ഈ റെക്കോഡ് (100 സെഞ്ച്വറി) വിരാട് സ്വന്തമാക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഞാന്‍ ആഗ്രഹിക്കുന്നത് അല്പം കൂടുതലാണെന്ന് എനിക്കറിയാം. എന്നാല്‍ ഈ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുന്ന ഒരേയൊരാള്‍ അദ്ദേഹം മാത്രമാണ്,’ വിഹാരി പറഞ്ഞു.
ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 157.95 സട്രൈക്ക് റേറ്റില്‍ പത്ത് ഫോറും ഒമ്പത് സിക്‌സറും അടക്കം പുറത്താകാതെ 139 റണ്‍സാണ് വിരാട് അടിച്ചെടുത്തത്. താരത്തിന്റെ 55ാം ഏകദിന സെഞ്ച്വറി കൂടിയാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പിറന്നത്.
വിരാട് കോഹ്‌ലി-Photo: Indian Cricket Team/Facebook.com
2026ല്‍ മാത്രം കളിച്ച ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 87.16 ശരാശരിയിലും 116.74 സട്രൈക്ക് റേറ്റിലുമായി 523 റണ്‍സ് വിരാട് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും അടക്കമാണ് താരം ഈ വര്‍ഷം സ്‌കോര്‍ ചെയ്യുന്നത്.
Content highlight: Hanuma Vihari praises Virat Kohli