| Friday, 23rd October 2026, 10:46 pm

ഇന്ത്യയുടെ എക്കാലത്തെയും മികച്ച കൂട്ടിച്ചേര്‍ക്കല്‍; പ്രശംസയുമായി വിഹാരി

ആദർശ് എം.കെ.

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി-20 മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ, യുവതാരം നമന്‍ ധിറിന്റെ പ്രകടനത്തെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി.

ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ ടി-20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ പിന്തുടര്‍ന്ന് വിജയിച്ചപ്പോള്‍ അതില്‍ നമന്‍ ധിറിന്റെ പങ്ക് വളരെ വലുതായിരുന്നു. 15 പന്തില്‍ പുറത്താകാതെ 42 റണ്‍സാണ് താരം അടിച്ചെടുത്തത്.

മത്സരത്തിന് ശേഷം തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് 26കാരനായ നമന്‍ ധിറിനെ ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച കൂട്ടിച്ചേര്‍ക്കലുകളില്‍ ഒന്നായി ഹനുമ വിഹാരി വിശേഷിപ്പിച്ചത്.

ഹനുമ വിഹാരി

‘നമന്‍ ധിര്‍ വളരെ പക്വതയാണ് പ്രകടിപ്പിച്ചു എന്ന് ഞാന്‍ കരുതുന്നു. അതാണ് ഒരു യുവതാരത്തില്‍ നിന്ന് നമ്മള്‍ ആഗ്രഹിക്കുന്ന പക്വത. അവന്‍ അധികം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടില്ല, ധാരാളം ആഭ്യന്തര മത്സരങ്ങളുടെ പരിചയവുമില്ല.

ഐ.പി.എല്ലിലും തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അതിനാല്‍ ഈ ഉയര്‍ന്ന ലെവലില്‍ വന്ന് ഇത്തരമൊരു മാച്ച് വിന്നിങ് പ്രകടനം പുറത്തെടുക്കുക എന്നത്, ടി-20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച കൂട്ടിച്ചേര്‍ക്കലുകളില്‍ ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്,’ വിഹാരി പറഞ്ഞു.

താരത്തിന്റെ ഭാവി സാധ്യതകളെക്കുറിച്ചും ടീമിലെ സ്ഥാനത്തെക്കുറിച്ചും വിഹാരി തന്റെ അഭിപ്രായം വ്യക്തമാക്കി.

‘വാഷിങ്ടണ്‍ സുന്ദറിന് പകരക്കാരനായാണ് അവന്‍ വന്നിരിക്കുന്നത്, ഒരുപക്ഷേ അവന്‍ ആ സ്ഥാനം ഏറ്റെടുത്തേക്കാം. അവന്‍ പന്തും എറിയുന്നുണ്ട്, ഒപ്പം ബാറ്റ് ചെയ്യുകയും ചെയ്യുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ നമന്‍ ധിറിനെ നമ്മള്‍ ഇനിയും ഒരുപാട് കാണാന്‍ പോകുന്നു.

ഇത് വളരെ നേരത്തെയാണെന്ന് തോന്നാമെങ്കിലും, ആ ഏഴാം നമ്പര്‍ സ്ഥാനത്തിന് അവന്‍ തികച്ചും അര്‍ഹനാണെന്ന് ഞാന്‍ കരുതുന്നു. അവന് രണ്ടോവര്‍ പന്തെറിയാനും സാധിക്കും. അതൊരു മികച്ച ഫിറ്റാണ്,’ വിഹാരി കൂട്ടിച്ചേര്‍ത്തു.

പരമ്പരയുടെ ഫലത്തെക്കുറിച്ച് സംസാരിച്ച ഹനുമ വിഹാരി, പരമ്പര ഇന്ത്യ 3-2 ന് സ്വന്തമാക്കുമെന്നും എന്നാല്‍ മത്സരങ്ങള്‍ കടുത്ത പോരാട്ടമായിരിക്കുമെന്നും പ്രവചിച്ചു.

അതേസമയം, ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യയ്ക്കായി.

ഒക്ടോബര്‍ 24നാണ് പരമ്പരയിലെ രണ്ടാം മത്സരം. ക്രൈസ്റ്റ്ചര്‍ച്ച് തന്നെയാണ് വേദി.

Content Highlight: Hanuma Vihari praises Naman Dhir following the match against New Zealand.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more