വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ 352 റൺസ് ലക്ഷ്യം ഉയർത്തിയിട്ടും ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെ, ടീമിന്റെ ബൗളിങ് പ്രകടനത്തിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി.
അവസാന മത്സരം പരാജയം കണ്ടതോടെ ടീം പിന്നോട്ട് നീങ്ങുകയാണെന്നും തോൽവി വലിയ തിരിച്ചടിയാണെന്നും വിഹാരി പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ താരം.
‘350 റൺസ് പോലും നമുക്ക് പ്രതിരോധിക്കാൻ കഴിഞ്ഞില്ല എന്നത് വലിയൊരു മുന്നറിയിപ്പല്ലേ? ടീം പിന്നോട്ട് പോകുകയാണെന്നാണ് ഞാൻ കരുതുന്നത്. ഇതൊരു വലിയ തിരിച്ചടിയാണ്. 350-ലധികം റൺസ് ഉയർത്തിയിട്ടും ഇന്ത്യൻ ടീം തോൽക്കുന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഈ ബൗളിങ് നിരയെക്കുറിച്ച് തീർച്ചയായും പരിശോധിക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.
ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ
ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ അഭാവം ടീം ഇന്ത്യക്ക് വലിയ തിരിച്ചടിയായെന്ന് വിഹാരി ചൂണ്ടിക്കാട്ടി. നിലവിലെ പല ബൗളർമാർക്കും പ്രതീക്ഷിച്ച പോലെ തിളങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ, ടീമിന് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു മികച്ച അഞ്ചാമത്തെ ബൗളറുടെ സേവനം അത്യന്താപേക്ഷിതമാണ്. ബുംറയെയും ഹാർദിക്കിനെയും പോലുള്ള പരിചയസമ്പന്നരായ കളിക്കാർ ഇല്ലെങ്കിൽ ഇന്ത്യയുടെ ബൗളിങ് നിര തീർത്തും തകർന്നുപോകുമെന്നാണ് അദ്ദേഹം വിലയിരുത്തി.
‘ഗുർണൂറും നിതീഷും കുഴപ്പമില്ലാതെ പന്തെറിഞ്ഞു, എങ്കിലും ഗുർണൂറിന് ഫിറ്റ്നസ് പ്രശ്നങ്ങളുണ്ട്. സിറാജ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും അത് ലോകോത്തര നിലവാരത്തിലുള്ളതായിരുന്നില്ല. കുൽദീപും അത്ര നന്നായി പന്തെറിഞ്ഞില്ല. നമാൻ നന്നായി കളിച്ചെങ്കിലും 350 റൺസ് ജയിക്കാൻ അഞ്ചാം ബൗളറായി കൂടുതൽ മികച്ച ഒരാൾ വേണമായിരുന്നു. അവിടെയാണ് നമുക്ക് കളി കൈവിട്ടുപോയത്. ഇവിടെയാണ് ഹാർദിക്കിന്റെയും ബുംറയുടെയും കുറവ് ടീം അറിയുന്നത്,’ വിഹാരി അഭിപ്രായപ്പെട്ടു.
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ചതോടെയാണ് ഇന്ത്യ പരമ്പര കൈപിടിയിലാക്കിയത്. അവസാനമത്സരത്തിലെ വിജയം വെസ്റ്റ് ഇൻഡീസിനായിരുന്നു. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി നേട്ടത്തോടെയാണ് വെസ്റ്റ് ഇൻഡീസ് തങ്ങളുടെ അഭിമാന വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
Content Highlights: Hanuma Vihaari Talks about Indian Bowlers.