| Wednesday, 12th August 2026, 8:12 am

ഷാരൂഖ് ഖാനെ കണ്ട് ഞെട്ടി പോയി, പിന്നീടാണ് കാര്യം മനസിലായത്: ശാന്തി കൃഷ്ണ

അജ്മല്‍ കെ

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ നടിയാണ് ശാന്തി കൃഷ്ണ. 1976-ൽ റിലീസായ ഹോമകുണ്ഡം എന്ന സിനിമയിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. 1994-ൽ റിലീസായ ചകോരം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും നടി നേടിയിട്ടുണ്ട്. സിനിമാ ജീവിത്തത്തിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്ന നടി ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാണ്.

എന്നാൽ അമിതാഭ് ബച്ചനാണ് ഏറ്റവും ഇഷ്ടപെട്ട നടൻ എന്നും ബെംഗളൂരുവിലെ എയർപോർട്ടിൽ വെച് ഷാരൂഖ് ഖാനെ പോലെ ഒരാളെ കണ്ട് തെറ്റിദ്ധരിക്കപ്പെട്ടു എന്നുമുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോൾ താരം. 24 ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ശാന്തി കൃഷ്ണ.Photo. Screengrab/ Youtube.com

‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ അന്നും ഇന്നും എന്നും അമിതാഭ് ബച്ചനാണ്. ‘അമ്മ’ അസോസിയേഷന്റെ ആദ്യത്തെ പരിപാടിയിൽ അദ്ദേഹം ആയിരുന്നു ഗസ്റ്റ്. അന്ന് അദ്ദേഹത്തോട് സംസാരിക്കാനൊന്നും സാധിച്ചില്ല. പക്ഷേ അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞതിൽ ഭയങ്കര സന്തോഷമുണ്ടായിരുന്നു,’ ശാന്തി കൃഷ്ണ പറഞ്ഞു.

അമിതാഭ് ബച്ചന്റെ ആരാധികയാണെങ്കിലും ഷാരൂഖ് ഖാനെയും തനിക്ക് ഏറെ ഇഷ്ടമാണെന്ന് ശാന്തി കൃഷ്ണ വ്യക്തമാക്കി. യു.എസിലെ വാക്‌സ് മ്യൂസിയത്തിൽ പോയപ്പോഴൊക്കെ ഷാരൂഖ് ഖാന്റെ പ്രതിമയ്‌ക്കൊപ്പം ഫോട്ടോ എടുത്തിട്ടുണ്ടെന്നും, എന്നാൽ യഥാർഥ ഷാരൂഖ് ഖാനെ ഇതുവരെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

‘അടുത്തിടെ ബെംഗളൂരുവിൽ വെച്ച് ഞാനും മോളും ഷാരൂഖ് ഖാനെ നേരിൽ കണ്ടു. കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു ഞങ്ങൾ. എയർപോർട്ടിലൂടെ നടക്കുന്നതിനിടെ ഒരിടത്ത് കുറച്ച് ആളുകൾ കൂടി നിന്ന് സെൽഫിയെടുക്കുന്നത് കണ്ടു. അങ്ങോട്ട് നോക്കിയപ്പോൾ പെട്ടെന്ന് ഞാൻ ഷോക്കായി. ശരിക്കും ബ്രേക്ക് ഇട്ടതുപോലെ അവിടെ നിന്നുപോയി,’ ശാന്തി കൃഷ്ണ പറഞ്ഞു.

അമ്മയുടെ പെട്ടെന്നുള്ള നിൽപ്പ് കണ്ട് മകൾക്ക് പോലും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. തനിക്ക് ഹാർട്ട് അറ്റാക്ക് വരാൻ പോകുകയാണോ എന്നുവരെ മകൾ ചോദിച്ചെന്നും ശാന്തി കൃഷ്ണ പറഞ്ഞു.

ശാന്തി കൃഷ്ണ.Photo. Screengrab/ 24 News/ Youtube.com

‘മോൾ എന്നോട് ‘അമ്മയ്ക്ക് എന്തുപറ്റി, ഹാർട്ട് അറ്റാക്ക് ആയോ’ എന്നൊക്കെ ചോദിച്ചു. ഞാൻ അവൾക്ക് കാണിച്ചുകൊടുത്തിട്ട് ‘ഇതാ ഷാരൂഖ് ഖാൻ’ എന്ന് പറഞ്ഞു. പിന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകണോ, സെൽഫി എടുക്കാൻ പറ്റുമോ എന്നൊക്കെയായിരുന്നു എന്റെ ചിന്ത. എങ്ങോട്ട് പോകണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു,’ താരം വ്യക്തമാക്കി.

ചിലർ എന്നെ കണ്ട് അയ്യോ എന്നൊക്കെ പറഞ്ഞ് ഷോക്കായി നിൽക്കാറുണ്ട്. അപ്പോൾ ഞാൻ വിചാരിക്കും, ‘ഇവരിതെന്താ ഇങ്ങനെ?’ എന്ന്. പക്ഷേ അന്ന് ഷാരൂഖ് ഖാനെ കണ്ടപ്പോൾ ആ ഫീൽ എനിക്ക് മനസ്സിലായി എന്നും ശാന്തി കൃഷ്ണ പറഞ്ഞു.

ഷാരൂഖ് ഖാനെ തിരിച്ചറിയാൻ കഴിയാതെ വന്ന ഒരു സ്ത്രീയോട് താൻ അദ്ദേഹമാണോ എന്ന് ചോദിച്ച അനുഭവവും താരം പങ്കുവെച്ചു. എന്നാൽ അവരെപ്പോലെ ലുക്കുള്ള ഒരാളാണെന്നായിരുന്നു സ്ത്രീയുടെ മറുപടി. ഇതിനിടെ മകൾ പറഞ്ഞ കാര്യവും ശാന്തി കൃഷ്ണ ഓർത്തെടുത്തു.

‘ഞാൻ ഒരു സ്ത്രീയോട് ‘അത് ഷാരൂഖ് ഖാൻ അല്ലേ?’ എന്ന് ചോദിച്ചു. അവർ പറഞ്ഞു, ‘അദ്ദേഹത്തെപ്പോലെ ലുക്കുള്ള ഒരാളാണ്’ എന്ന്. മോളും പറഞ്ഞു, ‘അമ്മേ, അവിടെ ബോഡിഗാർഡ്സ് പോലുമില്ലല്ലോ, പിന്നെ എങ്ങനെ അത് ഷാരൂഖ് ഖാൻ ആകും?’ എന്ന്. പക്ഷേ അപ്പോഴൊന്നും അതൊന്നും ആലോചിക്കാനുള്ള സമയമില്ലായിരുന്നു. എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റായിരുന്നു,’ ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു.

Content Highlight: Shanthi Krishna Shares Fond Memories of Her Favourite Star Shah Rukh Khan

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more