| Tuesday, 11th February 2014, 8:55 am

കേരളത്തില്‍ ഹാന്റ വൈറസ് രോഗബാധയില്ല: എന്‍.ഐ.വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] തിരുവനന്തപുരം: കേരളത്തില്‍ ഹാന്റ വൈറസ് രോഗബാധയില്ലെന്ന് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി(എന്‍.ഐ.വി)യുടെ സ്ഥിരീകരണം.

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയിലെ പരിശോധനയില്‍ ഹാന്റ വൈറസ് സാന്നിധ്യമുള്ളതായി കണ്ടെത്തിയിരുന്നു. ഇത് തള്ളിയാണ് ആരോഗ്യവകുപ്പ് എന്‍.ഐ.വിയെ സമീപിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിയില്‍ കഴിയവെ പാലോട് സ്വദേശി മധു മരിച്ചത് ഹാന്റ വൈറസ് ബാധയെത്തുടര്‍ന്നാണെന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ രോഗി മരിച്ചത് സ്‌ക്രബ് ടൈഫസ് രോഗം മൂലമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.

രോഗബാധ സ്ഥിരീകരിക്കാന്‍ പി.സി.ആര്‍, കള്‍ച്ചര്‍ എന്നീ തുടര്‍ പരിശോധനകള്‍ ആവശ്യമാണ്. ഇന്ത്യയിലിതുവരെ ഹാന്റ വൈറസ് റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ രോഗബാധ സംബന്ധിച്ച് പ്രഖ്യാപനം നടത്താന്‍ അധികാരപ്പെടുത്തിയ സ്ഥാപനം എന്‍.ഐ.വി ആണെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്‍.ഐ.വി പ്രതിനിധി ഡോ.ഭാസ്‌കര്‍ ടന്റാലെ ആരോഗ്യവകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജി പ്രതിനിധികള്‍ എന്നിവരുനായി ചര്‍ച്ച നടത്തിയിരുന്നു. വൈറസ് ബാധിതരെന്ന് സംശയിച്ചിരുന്നവര്‍ താമസിച്ച പ്രദേശം, മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more