അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ബാച്ചിലർ പാർട്ടി ഡ്യൂ. 2012ൽ പുറത്തിറങ്ങിയ ബാച്ചിലർ പാർട്ടിയുടെ സ്പിരിച്വൽ സീക്വലായി ഒരുങ്ങുന്ന ചിത്രമാണിത്. രണ്ട് എന്നർത്ഥം വരുന്ന ഡ്യൂ എന്ന ഫ്രഞ്ച് വാക്ക് സിനിമയുടെ ടൈറ്റിലിനൊപ്പമുണ്ടെങ്കിലും ആദ്യ ഭാഗത്തിന്റ തുടർച്ചയല്ല ഇതെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. രജിഷ വിജയൻ, നസ്‌ലെൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജ്യോതിർമയി, നാദിയ മൊയ്തു, ചന്തു സലിംകുമാർ, ഹൻസിക കൃഷ്ണ, ലാൽ, പാരിസ് ലക്ഷ്മി തുടങ്ങി വൻ താര നിരയാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
ഹൻസിക കൃഷ്ണയുടെ അരങ്ങേറ്റ ചിത്രമാണ് ബാച്ചിലർ പാർട്ടി ഡ്യൂ. ചിത്രത്തിൽ നസ്‌ലെന്റെ പെയറായാണ് താരം അഭിനയിക്കുന്നത്. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചുള്ള എക്സൈറ്റ്മെന്റിനെക്കുറിച്ചും നസ്‌ലെന്റെ നായികയായിട്ടുള്ള അനുഭവത്തെ പറ്റിയും മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹൻസിക.
ഹൻസിക കൃഷ്ണ..Photo: Screen Grab/ Facebook.com
‘കാരൾ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഞാൻ നസ്‌ലെന്റെ പെയറാണ്. ആരൊക്കെയോ മീഡിയയിലൊക്കെ അന്നത് റൂമർ പോലെ ഇടുന്നൊക്കെയുണ്ടായിരുന്നു. ഞാനാണെങ്കിൽ അപ്പോൾ ഈ റൂമറൊക്കെ സത്യമാണോ ദൈവമേ അങ്ങനെയായിരുന്നു. നിങ്ങൾക്കിത് വിശ്വസിക്കാൻ പറ്റുന്നുണ്ടോ എന്നൊക്കെ ഞാൻ ഫ്രണ്ട്സിന്റടുത്ത് ചോദിച്ചിട്ടുണ്ട്. ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. ആ ഒരു ഏജ് ആണല്ലോ എനിക്ക്.
നസ്‌ലെൻ വളരെ സ്വീറ്റാണ്, ഹംബിളാണ്, ഒരു വാം പേഴ്‌സണാണ്. നസ്‌ലെൻ മിക്കപ്പോഴും അവന്റേതായിട്ടുള്ള എന്തെങ്കിലും കൈയ്യിൽ നിന്നിടും. അത് പെർഫെക്റ്റായിട്ട് വരുകയും ചെയ്യും. ഞാനാണെങ്കിൽ പറയുന്നത് മാത്രം ചെയ്യുകയുള്ളൂ. പ്രീ പ്ലാൻ ചെയ്യുമ്പോൾ ആക്ഷൻ പറഞ്ഞാൽ ചിലപ്പോൾ തെറ്റി പോവും. അതുകൊണ്ട് നാച്ചുറലായിട്ട് അപ്പോൾ വരുന്നത് പറയുകയാണ് ചെയ്യാറുള്ളത്,’ താരം പറഞ്ഞു.
തന്റെ അച്ഛൻ ആക്റ്റിങ്ങുമായി ഉപദേശങ്ങളൊന്നും തരാറില്ലെന്നും എല്ലാവരുടെയടുത്തും എങ്ങനെയാണ് പെരുമാറേണ്ടത് എന്നതിനെ കുറിച്ചാണ് അച്ഛൻ ഉപദേശങ്ങൾ തരാറുള്ളതെന്നും ഹൻസിക കൂട്ടിച്ചേർത്തു. എല്ലാവരെയും റെസ്‌പെക്ട് ചെയ്യണം ഗ്രീറ്റ് ചെയ്യണമെന്നൊക്കെ അച്ഛൻ ചെറുപ്പം മുതൽ പറഞ്ഞു തരാറുണ്ടെന്നും അതൊരിക്കലും സിനിമയിലേക്ക് വന്നപ്പോൾ പറഞ്ഞു തന്നതല്ലെന്നും താരം വ്യക്തമാക്കി. ‘നിങ്ങൾ നിങ്ങളായിത്തന്നെ ഇരിക്കുക, അവർ നിങ്ങളോട് എന്താണോ ചെയ്യാൻ പറയുന്നത് അത് ചെയ്യുക’ ആ ഒരു മൈൻഡ്‌സെറ്റാണെന്നും ഹൻസിക പറഞ്ഞു.
നവംബർ 19ന് തിയേറ്ററുകളിലെത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നിവർ ചേർന്നാണ്. ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത്. അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങും നിർവ്വഹിക്കുന്നു.
Content Highlight: Hansika Krishna talks about Naslen