| Thursday, 10th September 2026, 7:35 pm

ബാലണ്‍ ഡി ഓര്‍ നേടണം, അവനെ പോലെ മറ്റാരുമില്ല: ഹാന്‍സി ഫ്ലിക്ക്

സുദേവ് എ

2026 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനേഷന്‍ പട്ടിക ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ 26നാണ് ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് പ്രഖ്യാപിക്കുക.

ഇപ്പോള്‍ ഈ സീസണിലെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡിന് അര്‍ഹതയുള്ള താരം ആരാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബാഴ്‌സലോണ പരിശീലകന്‍ ഹാന്‍സി ഫ്ലിക്ക്. സ്പാനിഷ് യുവതാരം ലാമിന്‍ യമാലിനെയാണ് ഹാന്‍സി ഫ്‌ലിക്ക് ബാലണ്‍ ഡി ഓറിനായി പിന്തുണച്ചത്. ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഫ്ലിക്ക് യമാലിനെക്കുറിച്ച് സംസാരിച്ചത്.

‘തീര്‍ച്ചയായും അവന്‍(ലാമിന്‍ യമാല്‍) എന്റെ താരമാണ്, ബാഴ്‌സലോണയുടെ താരമാണ്. ബാലണ്‍ ഡി ഓര്‍ നേടാന്‍ അവന്‍ അര്‍ഹനാണ്. എല്ലാ മത്സരങ്ങളിലും അവന്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. യമാലിനെ പോലെ മറ്റാരുമില്ല. അതുകൊണ്ട് അവന്‍ ബാലണ്‍ ഡി ഓര്‍ നേടണമെന്നാണ് ഞാന്‍ കരുതുന്നത്,’ ഹാന്‍സി ഫ്ലിക്ക് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗില്‍ ബാഴ്‌സയെ ചാമ്പ്യന്മാരാക്കുന്നതില്‍ യമാല്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 28 മത്സരങ്ങളില്‍ നിന്നും ബാഴ്‌സക്ക് വേണ്ടി 16 ഗോളുകളും 11 അസിസ്റ്റുകളുമാണ് യമാല്‍ നേടിയത്. ബാഴ്‌സയ്ക്ക് വേണ്ടി ഇതുവരെ 53 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

രാജ്യാന്തര തലത്തില്‍ സ്‌പെയ്‌നിനൊപ്പം 2026 ഫിഫ ലോകകപ്പും താരം സ്വന്തമാക്കി. അന്താരാഷ്ട്ര ഫുട്‌ബോളില്‍ സ്‌പെയ്‌നിന് വേണ്ടി ഏഴ് ഗോളുകളാണ് യമാല്‍ നേടിയത്.

യമാല്‍ തന്റെ കരിയറില്‍ മൂന്നാം തവണയാണ് ബാലണ്‍ ഡി ഓറിന് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. ഇതിന് മുമ്പ് 2024ലും 2025ലും താരത്തിന്റെ പേര് ബാലണ്‍ ഡി ഓര്‍ പട്ടികയിലുണ്ടായിരുന്നു.

മൂന്ന് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിക്കുന്ന ആദ്യ യുവതാരം കൂടിയാണ് യമാല്‍. ഈ റെക്കോഡില്‍ റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ മറികടന്നാണ് യമാല്‍ ചരിത്രം കുറിച്ചത്.

20 വയസിന് മുമ്പ് രണ്ട് തവണ ബാലണ്‍ ഡി ഓര്‍ നാമനിര്‍ദേശം ലഭിച്ചിട്ടുള്ള ഏക താരമായിരുന്നു എംബാപ്പെ (2017, 2018). വെയ്ന്‍ റൂണിക്കും 19ാം വയസില്‍ (2004, 2005) രണ്ട് തവണ നാമനിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ 2005ലെ പുരസ്‌കാര ചടങ്ങ് നടക്കുമ്പോഴേക്കും റൂണി 20 വയസിലെത്തിയായിരുന്നു.

അതേസമയം ഇത്തവണ ലണ്ടനില്‍ വെച്ചാണ് ബാലണ്‍ ഡി ഓര്‍ ചടങ്ങ് നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ബാലണ്‍ ഡി ഓര്‍ ചടങ്ങ് പാരീസിന് പുറത്ത് വെച്ച് നടക്കുന്നത്. 1956ലെ ബാലണ്‍ ഡി ഓര്‍ ജേതാവായ സര്‍ സ്റ്റാന്‍ലി മാത്യുസിനോടുള്ള ആദരസൂചകമായാണ് ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ചടങ്ങ് നടക്കുക.

Content Highlight: Hansi Flick talks Lamine Yamal deserve 2026 Ballon d or

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more