| Tuesday, 1st September 2026, 5:05 pm

ഒരു വശത്ത്, എനിക്ക് ശരിക്കും വിഷമമുണ്ട്; മെസിയുടെ വിരമിക്കലില്‍ പ്രതികരിച്ച് ഹാന്‍സി ഫ്‌ളിക്

ശ്രീരാഗ് പാറക്കല്‍

ഇതിഹാസ താരം ലയണല്‍ മെസി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മെസിയുടെ വിരമിക്കലില്‍ പ്രതികരിക്കുകയാണ് ബാഴ്‌സലോണ മാനേജര്‍ ഹാന്‍സി ഫ്‌ളിക്. മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതില്‍ ഏറെ വിഷമമുണ്ടെന്നും മെസി ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും ജര്‍മന്‍ ഇതിഹാസം പറഞ്ഞു.

‘കാലം കടന്നുപോകുകയാണ്. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. അതുകൊണ്ട് തന്നെ ഇത് അവിശ്വസനീയമാണ്. ലോകകപ്പിലെ അദ്ദേഹത്തിന്റെ പ്രകടനവും ഞാന്‍ ഏറെ ആസ്വദിച്ചു. അദ്ദേഹം അതിഗംഭീരമായിരുന്നു.

ഒരു വശത്ത്, എനിക്ക് ശരിക്കും വിഷമമുണ്ട്. എന്നാല്‍ അവസാനം അതാണ് ജീവിതം. അദ്ദേഹത്തിന് അതിഗംഭീരമായൊരു കരിയറാണ് ഉണ്ടായിരുന്നത്. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമാണ്, ലോകകപ്പിനിടെയും അദ്ദേഹം അത് തെളിയിച്ചു,’ ഹാന്‍സി ഫ്‌ളിക് ഡി.എ.സെഡ്.എന്നിനോട് പറഞ്ഞു.

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയാണ് അര്‍ജന്റൈന്‍ നായകന്‍ പടിയിറങ്ങുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ലയണൽ മെസി. Photo: Sudanalytics/x.com

അര്‍ജന്റീനയുടെ ഫുട്ബോളില്‍ ഐതിഹാസികമായ ഒരു കരിയര്‍ പടുത്തുയര്‍ത്തിയാണ് മെസി അര്‍ജന്റൈന്‍ ജേഴ്സി അഴിച്ചുവെച്ചത്. 2022ലെ ലോകകപ്പില്‍ വിജയം നേടാനും ആദ്യമായി ലോക കീരീടം ഉയര്‍ത്താനും മെസിക്ക് സാധിച്ചു.

അര്‍ജന്റീനയ്ക്കായി 207 മത്സരത്തില്‍ നിന്ന് 125 ഗോളുകള്‍ നേടാന്‍ മെസിക്ക് സാധിച്ചു. ലോകകപ്പില്‍ തുടര്‍ച്ചയായി അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. 2026ലെ ലോകകപ്പ് സ്പെയ്നിനോട് പരാജയപ്പെട്ടെങ്കിലും ലോക ഫുട്ബോള്‍ ആരാധകര്‍ക്ക് എന്നും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ നല്‍കാന്‍ മെസിക്ക് സാധിച്ചു.

ലോകകപ്പില്‍ പല റെക്കോഡുകളും തിരിത്തിയാണ് മെസി തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മെസി ചരിത്രത്തില്‍ ഇടം നേടി. 21 ഗോളുകളാണ് ഇക്കാലമത്രെയും മെസി ലോകകപ്പില്‍ അടിച്ചുകൂട്ടിയത്.

Content Highlight: Hansi Flick Talking About Lionel Messi’s Retirement In International Football

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more