ലോകകപ്പ് ആവേശങ്ങള്‍ കെട്ടടങ്ങിയതോടെ ക്ലബ്ബ് ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം പകുതിയോടെ വീണ്ടും ക്ലബ്ബ് ഫുട്‌ബോള്‍ ആവേശം തിരിച്ചെത്തും. ലാ ലീഗ പുതിയ സീസണ് ഓഗസ്റ്റ് 15നാണ് തുടക്കമാവുന്നത്.
തുടര്‍ച്ചയായ രണ്ട് തവണ ലാ ലിഗ കിരീടം സ്വന്തമാക്കിയ ബാഴ്‌സലോണ ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷം തങ്ങള്‍ക്ക് നഷ്ടമായ സ്പാനിഷ് ലീഗിലെ ആധിപത്യം തിരിച്ചുപിടിക്കാനാവും റയല്‍ മാഡ്രിഡ് കളത്തിലിറങ്ങുക.
ഇത്തവണ കൂടി ലാ ലിഗ ചാമ്പ്യന്മാരാവാന്‍ കറ്റാലന്മാര്‍ക്ക് സാധിച്ചാല്‍ ബാഴ്‌സ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിന് ഇതിഹാസ പരിശീലകര്‍ക്കൊപ്പം തന്റെ പേരും എഴുതിച്ചേര്‍ക്കാനാവും.
ബാഴ്സലോണയ്ക്ക് തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ ലാ ലിഗ കിരീടം നേടിക്കൊടുക്കുന്ന മൂന്നാമത്തെ പരിശീലകനാവാനാണ് ഹാന്‍സി ഫ്ലിക്കിന് അവസരമുള്ളത്. 2024, 2025 സീസണില്‍ ബാഴ്സയെ ചാമ്പ്യന്മാരാക്കിയ ജര്‍മന്‍ മാനേജര്‍ക്ക് ഹാട്രിക് നേട്ടം കൈവരിക്കാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ബാഴ്‌സക്കൊപ്പം ഹാട്രിക് ലാ ലിഗ നേടിയത് രണ്ട് പരിശീലകര്‍ മാത്രമാണ്. ഡച്ച് ഇതിഹാസം യോഹാന്‍ ക്രൈഫും സ്പാനിഷ് ലെജന്‍ഡറി പരിശീലകനായ പെപ് ഗ്വാര്‍ഡിയോളയും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ. ക്രൈഫ് നാല് ലിഗ കിരീടങ്ങളാണ് തുടര്‍ച്ചയായി ബാഴ്‌സയിലെത്തിച്ചത്. 1990, 1991, 1992, 1993 എന്നീ വര്‍ഷങ്ങളിലായിരുന്നു ക്രെയ്ഫിന്റെ നേട്ടം.
2008, 2009, 2010 എന്നീ സീസണുകളിലാണ് പെപിന്റെ കീഴില്‍ ബാഴ്‌സ സ്പാനിഷ് ഫുട്‌ബോളിന്റെ നെറുകയിലെത്തിയത്. ഇപ്പോള്‍ ഈ ഐതിഹാസിക ലിസ്റ്റിലേക്ക് ഇടം നേടാനുള്ള സുവര്‍ണാവസരവും ഹാന്‍സി ഫ്ലിക്കിന്റെ മുന്നിലുണ്ട്.
അതേസമയം ഇന്ന് നടന്ന പ്രീ സീസണ്‍ മത്സരത്തില്‍ ബാഴ്‌സലോണ പരാജയപ്പെട്ടിരുന്നു. ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ്പ് ടീമായ ബര്‍മിങ്ഹാം സിറ്റി എഫ്.സിയോട് പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് ബാഴ്‌സ പരാജയം ഏറ്റുവാങ്ങിയത്. പെനാല്‍റ്റിയില്‍ 3-2നായിരുന്നു ഇംഗ്ലീഷ് ടീമിന്റെ വിജയം.
മത്സരം തുടങ്ങി 31ാം മിനിട്ടില്‍ ഓഗസ്റ്റ് പ്രിസ്‌കെ ഫ്ലൈഗര്‍ ബര്‍മിങ്ഹാം സിറ്റിക്കായി ആദ്യം ലീഡ് നേടി. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഹംസ അബ്ദുല്‍ കരീമിലൂടെ ബാഴ്സ സമനില പിടിച്ചു.
രണ്ടാം പകുതിയില്‍ 60ാം മിനിട്ടില്‍ അബ്ദുല്‍ കരീം രണ്ടാം ഗോളും നേടി ബാഴ്‌സയെ മുന്നിലെത്തിച്ചു. എന്നാല്‍ 68ാം മിനിട്ടില്‍ ജോണ്‍ സോളിസിലൂടെ ബര്‍മിങ്ഹാം സമനില പിടിച്ചു.
ഒടുവില്‍ നിശ്ചിത സമയത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനിലയില്‍ അവസാനിച്ചപ്പോള്‍ മത്സരം പെനാല്‍റ്റി വിധിയെഴുതുകയായിരുന്നു.
Content Highlight: Hansi Flick hava a chance to becomes third coach to win three consecutive La Liga titles for Barcelona