| Monday, 7th September 2026, 7:47 am

പഴങ്കഥയാക്കിയത് സാക്ഷാല്‍ ക്രൈഫിന്റെ 59 ദിവസം; 5-0ല്‍ ചരിത്രനേട്ടത്തിലേക്ക് ബാഴ്‌സ ബോസ്

ആദർശ് എം.കെ.

ലാ ലിഗയില്‍ കുതിപ്പ് തുടര്‍ന്ന് എഫ്.സി ബാഴ്‌സലോണ. കഴിഞ്ഞ ദിവസം മെസ്റ്റല്ല സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ വലന്‍സിയയ്‌ക്കെതിരെ കൂറ്റന്‍ വിജയവുമായാണ് ബാഴ്‌സ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു കറ്റാലന്‍മാരുടെ വിജയം.

ലാമിന്‍ യമാല്‍ ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ ഫെര്‍മിന്‍ ലോപസ്, റഫീന്യ, പെഡ്രി എന്നിവര്‍ ഓരോ ഗോളും കണ്ടെത്തി. ഈ തോല്‍വിക്ക് പിന്നാലെ വലന്‍സിയ അവസാന സ്ഥാനത്തേക്ക് വീണു.

കളിച്ച നാലില്‍ നാല് മത്സരവും വിജയിച്ചാണ് ബാഴ്‌സ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

ഈ വിജയത്തോടെ പരിശീകലന്‍ ഹാന്‍സി ഫ്‌ളിക്കിനെ ഒരു ചരിത്ര നേട്ടവും തേടിയെത്തിയിരിക്കുകയാണ്. ഏറ്റവുമധികം മാച്ച് ഡേയ്‌സില്‍ പോയിന്റ് പട്ടികയില്‍ ബാഴ്‌സയെ ഒന്നാമതെത്തിച്ച പരിശീലകനെന്ന നേട്ടമാണ് ബാഴ്‌സ ബോസ് സ്വന്തമാക്കിയത്.

ഹാന്‍സി ഫ്‌ളിക് . Photo: Barcelona

ഫ്‌ളിക്കിന് കീഴില്‍ 60 മാച്ച് ഡേയ്‌സില്‍ ബാഴ്‌സ ലാ ലിഗ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ബാഴ്‌സ ഇതിഹാസ താരവവും ഇതിഹാസ പരിശീലകനുമായ യൊഹാന്‍ ക്രൈഫിനെ മറികടന്നാണ് ഫ്‌ളിക് ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത്. ക്രൈഫിന് കീഴില്‍ 59 മാച്ച് ഡേയ്‌സില്‍ ബാഴ്‌സ ഒന്നാമതെത്തിയിരുന്നു.

യൊഹാന്‍ ക്രൈഫ്‌

അതേസമയം, മത്സരത്തില്‍ ബാഴ്‌സയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ഡിഫന്‍സില്‍ ഊന്നല്‍ നല്‍കി 5-4-1 എന്ന ഫോര്‍മേഷനിലാണ് വലന്‍സിയ കളത്തിലിറങ്ങിയത്. മറുവശത്ത് 4-3-3 എന്ന ക്ലാസിക് ഫോര്‍മേഷനില്‍ ഫ്‌ളിക്കും തന്റെ കുട്ടികളെ കളത്തിലിറക്കി.

വിസില്‍ മുഴങ്ങി ആറാം മിനിട്ടില്‍ തന്നെ ലാമിന്‍ യമാല്‍ ബാഴ്‌സയെ മുമ്പിലെത്തിച്ചു. ഫെര്‍മിന്‍ ലോപസാണ് ഗോളിന് വഴിയൊരുക്കിയത്. 11ാം മിനിട്ടില്‍ ബാഴ്‌സ വീണ്ടും ഗോള്‍ നേടിയെങ്കിലും വാറില്‍ കുടുങ്ങി ഗോള്‍ നിഷേധിക്കപ്പെട്ടു.

22ാം മിനിട്ടില്‍ അന്തണി ഗോര്‍ഡന്റെ അസിസ്റ്റില്‍ ഫെര്‍മിന്‍ ലോപസിലൂടെ രണ്ടാം ഗോള്‍ നേടിയ ബാഴ്‌സ ആദ്യ പകുതി അവസാനിച്ചപ്പോള്‍ 2-0 എന്ന നിലയില്‍ ലീഡ് നേടി.

രണ്ടാം പകുതി ആരംഭിച്ച് തന്നെ റഫീന്യയിലൂടെ മൂന്നാം ഗോള്‍ നേടിയ ബാഴ്‌സയ്ക്കായി 79ാം മിനിട്ടില്‍ പെഡ്രിയും വലകുലുക്കി.

84ാം മിനിട്ടില്‍ മത്സരത്തില്‍ തന്റെ രണ്ടാം ഗോളും നേടി ലാമിന്‍ യമാല്‍ തിളങ്ങി. ഡാനി ഓല്‍മോയാണ് സ്പാനിഷ് വണ്ടര്‍ കിഡിന് ബ്രേസിനായി അസിസ്റ്റ് നല്‍കിയത്.

നാല് മത്സരത്തില്‍ നിന്നും 12 പോയിന്റുമായാണ് ബ്ലൂഗ്രാന ഒന്നാമത് തുടരുന്നത്. സീസണില്‍ ആദ്യ നാല് മത്സരം വിജയിച്ച ഏക ടീമും ബാഴ്‌സയാണ്.

യുവേഫ ചാമ്പ്യന്‍സ് ലീഗിലാണ് ബാഴ്‌സ അടുത്ത മത്സരം കളിക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന മത്സരത്തില്‍ ഫെയ്‌നൂര്‍ഡാണ് എതിരാളികള്‍. ആറാം യൂറോപ്യന്‍ കിരീടത്തിനായി സ്വന്തം തട്ടകത്തില്‍ നിന്നാണ് ബാഴ്‌സ ക്യാമ്പെയ്ന്‍ ആരംഭിക്കുന്നത്.

13ന് ലാ ലിഗയില്‍ ലെവന്റെയെയും ബാഴ്‌സ നേരിടും. ലെവന്റെയുടെ ഹോം ഗ്രൗണ്ടാണ് വേദി.

Content Highlight: Hansi Flick has now spent more matchdays at the top of LaLiga than any Barcelona manager in history

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more