ലാ ലിഗയില്‍ കുതിപ്പ് തുടര്‍ന്ന് മുന്നേറുകയാണ് ബാഴ്സലോണ. കഴിഞ്ഞ ദിവസം മെസ്റ്റല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ വലന്‍സിയയ്ക്കെതിരെ കൂറ്റന്‍ വിജയവുമായാണ് ബാഴ്സ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു കറ്റാലന്‍മാരുടെ വിജയം.ലാമിന്‍ യമാല്‍ ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ ഫെര്‍മിന്‍ ലോപസ്, റഫീന്യ, പെഡ്രി എന്നിവര്‍ ഓരോ ഗോളും നേടി ടീമിന് വമ്പന്‍ വിജയം നേടികൊടുക്കുന്നതില്‍ നിര്‍ണായകമായി.
ഈ വിജയത്തിന് പിന്നാലെ ഒരു വമ്പന്‍ നേട്ടമാണ് ബാഴ്‌സ പരിശീലകന്‍ ഹാന്‍സി ഫ്ലിക്ക് സ്വന്തമാക്കിയത്. ബാഴ്‌സലോണക്കൊപ്പം 80 മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കുന്ന പരിശീലകനായാണ് ഫ്ലിക്ക് മാറിയത്. 63 വിജയങ്ങളുമായാണ് ഫ്ലിക്ക് ബാഴ്‌സയ്‌ക്കൊപ്പം കുതിക്കുന്നത്.
80 മത്സരങ്ങളില്‍ നിന്നും 62 വിജയങ്ങള്‍ നേടിയ ലൂയിസ് എന്റിക്വയെയും 61 ജയങ്ങള്‍ കൈപ്പിടിയിലാക്കിയ പെപ് ഗ്വാര്‍ഡിയോളയെയും മറികടന്നാണ് ഫ്‌ലിക്കിന്റെ നേട്ടം.
ബാഴ്‌സയ്‌ക്കൊപ്പം ഹാട്രിക് ലാ ലിഗ കിരീടമാണ് ഹാന്‍സി ഫ്ലിക്ക് ലക്ഷ്യം വെക്കുന്നത്. ഇത്തവണ കൂടി ലാ ലിഗ ചാമ്പ്യന്മാരാവാന്‍ കറ്റാലന്മാര്‍ക്ക് സാധിച്ചാല്‍ ഹാന്‍സി ഫ്ലിക്കിന് ഇതിഹാസ പരിശീലകര്‍ക്കൊപ്പം തന്റെ പേരും എഴുതിച്ചേര്‍ക്കാനാവും.
ബാഴ്‌സലോണയ്ക്ക് തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ ലാ ലിഗ കിരീടം നേടിക്കൊടുക്കുന്ന മൂന്നാമത്തെ പരിശീലകനാവാനാണ് ഹാന്‍സി ഫ്ലിക്കിന് അവസരമുള്ളത്. 2024, 2025 സീസണില്‍ ബാഴ്‌സയെ ചാമ്പ്യന്മാരാക്കിയ ഫ്ലിക്കിന് ഹാട്രിക് നേട്ടം കൈവരിക്കാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ബാഴ്സക്കൊപ്പം ഹാട്രിക് ലാ ലിഗ നേടിയത് രണ്ട് പരിശീലകര്‍ മാത്രമാണ്. ഡച്ച് ഇതിഹാസം യോഹാന്‍ ക്രൈഫും സ്പാനിഷ് ലെജന്‍ഡറി പരിശീലകനായ പെപ് ഗ്വാര്‍ഡിയോളയും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ.
ക്രൈഫ് നാല് ലിഗ കിരീടങ്ങളാണ് തുടര്‍ച്ചയായി ബാഴ്‌സയിലെത്തിച്ചത്. 1990, 1991, 1992, 1993 എന്നീ വര്‍ഷങ്ങളിലായിരുന്നു ക്രെയ്ഫിന്റെ നേട്ടം. 2008, 2009, 2010 എന്നീ സീസണുകളിലാണ് പെപിന്റെ കീഴില്‍ ബാഴ്‌സ സ്പാനിഷ് ഫുട്‌ബോളിന്റെ നെറുകയിലെത്തിയത്. ഈ ഇതിഹാസ ലിസ്റ്റില്‍ ഇടം നേടാന്‍ ജര്‍മന്‍ മാനേജര്‍ക്ക് സാധിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
Content Highlight: Hansi Flick create a huge milestone for Barcelona