| Tuesday, 10th September 2019, 10:50 pm

'ഇ- മെയിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പൊലീസ് നിയന്ത്രണത്തിലാണ്, അവര്‍ എല്ലാം കൊണ്ടുപോയി'; റെയ്ഡിനെ കുറിച്ച് ഹാനി ബാബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്റെ ഇ- മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് നിയന്ത്രണത്തിലാണെന്ന് ദല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനായ പ്രഫ. എം.ടി ഹാനി ബാബു. സെര്‍ച്ച് വാറന്‍ഡ് പോലുമില്ലാതെയാണ് പുനെ പൊലീസ് വീട് റെയ്ഡ് ചെയ്തതെന്നും ഹാനി പറഞ്ഞു.

ഭീമാ കൊറേഗാവ് കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് പൂനെ ക്രൈംബ്രാഞ്ച് സംഘം ഹാനി ബാബുവിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ റെയ്ഡ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഹാനിയുടെ പ്രതികരണം.

ഹാനി ബാബുവും ഭാര്യയും എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ജെനി റൊവീനയും താമസിക്കുന്ന നോയിഡയിലെ വീട്ടിലാണ് ചൊവ്വാഴ്ച രാവിലെ 6.30ന് ക്രൈംബ്രാഞ്ച് സംഘം പരിശോധനയ്ക്കെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് പരിശോധന ആറുമണിക്കൂര്‍ നീണ്ടുനിന്നുവെന്ന് ഹാനി ബാബുവും ജെന്നിയും പറയുന്നു. മൂന്ന് പുസ്തകങ്ങളും ലാപ് ടോപ്പും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌ക്കും പൊലീസ് പിടിച്ചെടുത്തു. മലയാള മനോരമയോടാണ് ഹാനി ഇക്കാര്യം പറഞ്ഞത്.

സംഭവത്തെ കുറിച്ച് ഹാനി ബാബു പറയുന്നത്; ‘രാവിലെ 6.30നാണ് 20 അംഗ സംഘം വാതിലില്‍ മുട്ടിയത്. പുനെ പൊലീസ് ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി. അഞ്ചുപേര്‍ യൂണിഫോമിലായിരുന്നു. ബാക്കിയുള്ളവര്‍ മഫ്തിയിലും. വീട്ടില്‍ പരിശോധന നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സെര്‍ച്ച് വാറന്‍ഡ് ഉണ്ടോയെന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്നും ഈ കേസിന് അതിന്റെ ആവശ്യമില്ലെന്നും അവര്‍ മറുപടി നല്‍കി.

പൊലീസുകാരാണെന്നതിന് എന്തെങ്കിലും രേഖയുണ്ടോയെന്ന് ഞാന്‍ ആരാഞ്ഞു. ഡോക്ടര്‍ ശിവാജി പവാര്‍ എന്ന് പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തിരിച്ചറിയില്‍ രേഖ കാണിച്ചുതന്നു. തുടര്‍ന്ന് സംഘത്തിലെ മുഴുവനാളുകളും എന്റെ അപ്പാര്‍ട്ട്‌മെന്റിലെ എല്ലാ മുറിയിലും പരിശോധന നടത്തി. ആറു മണിക്കൂര്‍ നീണ്ട തിരച്ചില്‍. ലാപ്‌ടോപ്പും ഹാര്‍ഡ് ഡിസ്‌ക്കും പെന്‍ ഡ്രൈവും പുസ്തകങ്ങളും പിടിച്ചെടുക്കുകയാണെന്ന് അവര്‍ അറിയിച്ചു.

എന്റെ ഇ- മെയില്‍ വിലാസത്തിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും പാസ്‌വേര്‍ഡ് മാറ്റി. ഇ-മെയിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും അവര്‍ക്ക് ഇനിമുതല്‍ ഉപയോഗിക്കാനും നിയന്ത്രിക്കാനും നിരീക്ഷിക്കാനും സാധിക്കും. പക്ഷെ, എനിക്ക് കഴിയുന്നില്ല.

ലാപ് ടോപ്പിലും ഹാര്‍ഡ് ഡിസ്‌ക്കിലുമുള്ള വിവരങ്ങള്‍ എന്റെ അധ്യാപനത്തിന് ഏറെ അത്യാവശ്യമാണ്. വര്‍ഷങ്ങളായുള്ള പഠനഗവേഷണ വിവരങ്ങളും അതിലുണ്ട്. വീണ്ടും അതെല്ലാം തയ്യാറാക്കാനോ, കോപ്പിയെടുക്കാനോ സാധിക്കില്ല. എന്റെ കഠിനാധ്വാനത്തിന്റെ ഫലം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൃത്യമായൊരു ഉത്തരം പോലും നല്‍കാതെ, കാരണം പോലും ചൂണ്ടിക്കാട്ടാതെ എങ്ങിനെയാണ് ഒരു സര്‍ക്കാര്‍ ഏജന്‍സിക്ക് എന്റെ ഗവേഷണ രേഖകള്‍ പിടിച്ചെടുക്കാന്‍ കഴിയുന്നതെന്ന് മനസിലാകുന്നില്ല. ഭാര്യയുടെയും മകളുടെയും ഫോണുകളും പിടിച്ചെടുത്തു. സുഹൃത്തുക്കളെ ആരെയും വിളിക്കാനും അനുവദിച്ചില്ല.”

2017 ഡിസംബര്‍ 31ന് പൂനെയ്ക്ക് സമീപം ഭീമ കോറിഗാവില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷദ് പരിപാടിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വരാവര റാവു, റോണാ വില്‍സണ്‍ തുടങ്ങിയവരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2018 ജനുവരി ദലിതര്‍ക്കെതിരെ മറാത്ത വിഭാഗക്കാരുടെ അക്രമവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ഇവരടക്കമുള്ളവര്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണമായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more