റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ലൗ ഇന്‍ സിംഗപ്പൂര്‍ എന്ന സിനിമയിലൂടെ ബാലതാരമായി കരിയര്‍ ആരംഭിച്ച നടനാണ് ചന്തു സലിംകുമാര്‍. പിന്നീട മാലിക് എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. മലയാളികളുടെ പ്രിയ നടന്‍ സലിംകുമാറിന്റെ മകന്‍ കൂടിയായ ഇദ്ദേഹം ആദ്യ രണ്ട് ചിത്രങ്ങളിലും സലിംകുമാറിന്റെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത്.
എന്നാല്‍ 2024ല്‍ റിലീസായി ഏറ്റവും വലിയ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സാണ് ചന്തുവിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അച്ഛന്‍ സലിംകുമാറിനെ കുറിച്ചും തങ്ങളുടെ ജീവിതാനുഭവങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ചന്തു സലിംകുമാര്‍.
‘അച്ഛന്‍ വളര്‍ന്ന ജീവിത സാഹചര്യങ്ങളില്‍ കൂടി തന്നെയാണ് ഞങ്ങളും വളര്‍ന്നത്. അച്ഛന്‍ ദരിദ്രനായിരുന്നപ്പോള്‍ എവിടെയാണ് താമസിച്ചിരുന്നത് അവിടെയാണ് ഞാനും ജനിച്ചത്. അതുകൊണ്ട് ഞാന്‍ വളര്‍ന്നുവന്ന രീതികളൊക്കെ എനിക്കറിയാം. അച്ഛന്റെ വളര്‍ച്ച എനിക്കും കാണാന്‍ പറ്റിയിട്ടുണ്ട്. അച്ഛന്‍ സിനിമയില്‍ വന്ന് കഴിഞ്ഞ് രണ്ട് കൊല്ലം കഴിഞ്ഞിട്ടാണ് ഞാന്‍ ജനിക്കുന്നത്.
എനിക്ക് അതുകൊണ്ട് തന്നെ സിനിമാ നടന്റെ മകന്‍ എന്ന അഹങ്കാരമോ ഒന്നും ഉണ്ടായിരുന്നില്ല. കാരണം സിനിമ നടന്റെ മകനായിട്ടല്ല ഞാന്‍ വളര്‍ന്നത്. അവിടെ നാട്ടിലെല്ലാവര്‍ക്കും അറിയുന്ന ഒരാള്‍ എന്ന രീതിയിലാണ് വളര്‍ന്നത്. ചെറുപ്പത്തിലേ കൂടുതല്‍ പരിഗണനകളൊന്നും നമുക്ക് കിട്ടിയിട്ടില്ല. പുറത്ത് എവിടെയെങ്കിലും പോകുകയാണെങ്കിലാണ് അങ്ങനെയൊക്കെ ഉണ്ടാകുന്നത്,’ ചന്തു സലിംകുമാര്‍ പറയുന്നു.
തിയേറ്ററില്‍ അതിഗംഭീര മുന്നേറ്റം നടത്തുന്ന ലോകയില്‍ ചന്തു ഒരു പ്രധാനവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. വേണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം കൈയ്യടികള്‍ നേടി.
Content highlight: Chandu Salimkumar talks about his father Salimkumar and their life experiences