| Saturday, 15th August 2026, 7:50 pm

ഹനാന്‍ ഷായ്ക്ക് കാട്ടാളനില്‍ ഡയലോഗില്ലെന്ന് ആരാധകര്‍, നായകന് പോലും അഞ്ച് ഡയലോഗേ ഉള്ളൂവെന്ന് ട്രോളന്മാര്‍

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമയെന്ന് കണ്ണുംപൂട്ടി വിശേഷിപ്പിക്കാവുന്ന ഒന്നാണ് കാട്ടാളന്‍. മാര്‍ക്കോയെപ്പോലെ വയലന്‍സ് കൊണ്ട് മാര്‍ക്കറ്റ് ചെയ്ത ചിത്രം തിയേറ്ററില്‍ അമ്പേ പരാജയമായി മാറി. 45 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം 10 കോടി പോലും നേടാതെയാണ് കളംവിട്ടത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങും ആരംഭിച്ചു.

ചിത്രത്തിന്റെ റിലീസിന് മുമ്പ് ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങളിലൊന്നായിരുന്നു ഹനാന്‍ ഷായുടെ സാന്നിധ്യം. മലബാറില്‍ ഒരുപാട് ആരാധകരുള്ള, വ്‌ളോഗറും പാട്ടുകാരനുമായ ഹനാന്‍ ഷാ ആദ്യമായി അഭിനയിക്കുന്ന സിനിമയില്‍ ഹനാന്റെ ആരാധകര്‍ക്ക് ഒരുപാട് പ്രതീക്ഷയായിരുന്നു. ആന്റണി വര്‍ഗീസ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ വലംകൈയായ മാലിക് എന്ന കഥാപാത്രമായാണ് ഹനാന്‍ കാട്ടാളനില്‍ പ്രത്യക്ഷപ്പെട്ടത്.

ടീസറിലും ട്രെയ്‌ലറിലും വലിയ മാസ് കഥാപാത്രമായി കാണിച്ച മാലിക്കിന് ഒരു ഡയലോഗ് പോലും ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. പെപ്പെയെ കാണിക്കുന്ന സീനുകളിലെല്ലാം ഹനാന്‍ ഷായും ഉണ്ടെങ്കിലും ഒരിടത്തും ഈ കഥാപാത്രം വാ തുറക്കുന്നില്ല. ഒരു ഡയലോഗെങ്കിലും കൊടുത്തുകൂടായിരുന്നോ എന്നാണ് ഒ.ടി.ടി റിലീസിന് ശേഷം പലരുടെയും ചോദ്യം.

എന്നാല്‍ ഈ ചോദ്യത്തിന് മറുപടിയുമായി ട്രോളന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്. നായകനായ പെപ്പെക്ക് പോലും എണ്ണിപ്പെറുക്കി അഞ്ച് ഡയലോഗ് മാത്രമേ കാട്ടാളനില്‍ ഉള്ളൂവെന്നും അതിനിടയില്‍ ഹനാന് വേണ്ടി ഡയലോഗ് കൊടുക്കാന്‍ സംവിധായകന്‍ മറന്നുപോയെന്നുമാണ് ട്രോളന്മാരുടെ മറുപടി. മാലിക് എന്ന കഥാപാത്രം ഊമയാണെന്നെങ്കിലും പറഞ്ഞ് വെച്ചുകൂടായിരുന്നോ എന്നും ചോദ്യങ്ങളുണ്ട്.

‘ചിറാപൂഞ്ചി മഴയത്ത്’ പാട്ടിന്റെ ബാക്ക്ഗ്രൗണ്ടില്‍ ഹനാന്റെ മാസ് എന്‍ട്രി’, ‘ആന ചിന്നംവിളിക്കാനെങ്കിലും വായ തുറക്കുന്നുണ്ട്, ഹനാന് അതുപോലുമില്ല’, ‘ജ്യൂസ് കുടിക്കുന്നത് പോലെയാ പാവം സിഗരറ്റ് വലിക്കുന്നത്’ എന്നിങ്ങനെയാണ് ഹനാന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കമന്റുകള്‍. വലിയ ഹൈപ്പില്‍ കൊണ്ടുവന്ന് മാനം കെടുത്തി എന്നും കമന്റുകളുണ്ട്.

നല്ലൊരു കഥയുണ്ടായിട്ടും അതിനെ മികച്ചൊരു സ്‌ക്രിപ്റ്റാക്കാന്‍ സംവിധായകന് സാധിക്കാതെ പോയതാണ് കാട്ടാളനില്‍ തിരിച്ചടിയായത്. ആവശ്യമില്ലാത്ത ധാരാളം കഥാപാത്രങ്ങളെ കുത്തിനിറച്ച്, അനാവശ്യ സ്ലോ മോഷനും തിരുകിക്കയറ്റി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ച ചിത്രമാണ് കാട്ടാളനെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Hanan Shah’s character in Kattalan getting trolls after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more