യൂട്യാബ് വ്‌ളോഗിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയായാളാണ് ഹനാന്‍ ഷാ. വ്‌ളോഗിങ്ങിനൊപ്പം പാട്ടുപാടിയും വളരെ വേഗത്തില്‍ ഹനാന്‍ ജനപ്രീതി നേടി. ഹനാന്റെ പരിപാടികള്‍ കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടിയത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഒടുവില്‍ സിനിമയിലേക്കും ഹനാന് വിളിയെത്തിയത് ഫോളോവേഴ്‌സ് ആഘോഷമാക്കി.
എന്നാല്‍ അടുത്തിടെ ഹനാന്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. വീട്ടില്‍ പോയിട്ട് രണ്ട് മാസമായെന്നും ഇപ്പോഴത്തെ സ്വപ്‌നം വീട്ടുകാരോടൊപ്പം ഒരുദിവസമെങ്കിലും ചെലവഴിക്കണം എന്നായിരുന്നു സ്റ്റോറി. എന്നാല്‍ പിന്നീട് വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കാണ് ഹനാന്‍ നേരിട്ടത്.
‘ആരെങ്കിലും നിര്‍ബന്ധിച്ച് പിടിച്ചുകൊണ്ടുപോകുന്നതാണോ, പൈസ വാങ്ങിയിട്ടുള്ള പരിപാടിയല്ലേ’, ‘അത്രക്ക് വിഷമമാണെങ്കില്‍ വീട്ടില്‍ തന്നെ ഇരുന്നാല്‍ പോരെ’, ‘ഇവനെ ആരെങ്കിലും അറിയുമോ’, ‘പട്ടി ഷോ കാണിക്കാതെ പൊയ്‌ക്കോ’, എന്നിങ്ങനെ ഹനാനെ അധിക്ഷേപിച്ച് നിരവധി പോസ്റ്റുകളും കമന്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.
എന്നാല്‍ സൈബര്‍ ആക്രമണത്തിനെതിരെ ഹനാന്റെ ഫോളോവേഴ്‌സ് രംഗത്തെത്തിയത് വലിയ വാക്കുതര്‍ക്കത്തിന് വഴിയൊരുക്കി. ഹനാന്‍ ഷാ ആരാണെന്ന് അറിയാത്തത് വലിയ കുറ്റമായിട്ടാണ് ഇക്കൂട്ടര്‍ കണക്കാക്കിയത്. ഹനാനെ പിന്തുണച്ചുകൊണ്ടും അയാളുടെ ജനപ്രീതി എന്താണെന്ന് വിശദീകരിച്ചും മറുപടി പോസ്റ്റുകളും വൈറലായി.
ചുരുങ്ങിയ കാലം കൊണ്ട് ഒരാള്‍ ഇത്രയും വലിയ ജനപ്രീതി നേടിയതില്‍ അസൂയ പൂണ്ടാണ് പലരും ഹനാനെതിരെ വിദ്വേഷ പ്രണം നടത്തുന്നതെന്ന് ഇക്കൂട്ടര്‍ ആരോപിക്കുന്നു. ഓരോ പരിപാടിക്കും ലക്ഷങ്ങള്‍ വാങ്ങുന്ന രീതിയിലേക്ക് ഹനാന്‍ വളര്‍ന്നെന്നും അത് പലര്‍ക്കും ഇഷ്ടമാകുന്നില്ലെന്നും ചില പോസ്റ്റുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.
എന്നാല്‍ ഈ പ്ര്ശനങ്ങള്‍ക്കിടയില്‍ ഹനാന്‍ വീട്ടിലെത്തിയതിന്റെ വീഡിയോ തന്റെ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. രണ്ട് മാസത്തിന് ശേഷം വീട്ടിലെത്തി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുന്‍ വീഡിയോകളെപ്പോലെ ഇതും നിമിഷങ്ങള്‍ക്കകം വൈറലായി മാറി. രണ്ട് ദിവസത്തോളം ഫേസ്ബുക്കില്‍ ഹനാനായിരുന്നു പലരുടെയും ചര്‍ച്ചാവിഷയം.
Content Highlight: Hanan Shaah’s latest story became viral and discussed in social media