| Thursday, 23rd October 2025, 6:42 pm

ഹനാന്‍ ബനാമറിന്റെ കലാസൃഷ്ടികളില്‍ ഉള്ളത് തെറിയല്ല, തീവ്രവലതുപക്ഷത്തോടുള്ള ശക്തിമത്തായ രാഷ്ട്രീയ പ്രസ്താവന: പി.എന്‍. ഗോപീകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഫ്രഞ്ച്-നോര്‍വീജിയന്‍ ആര്‍ട്ടിസ്റ്റ് ഹനാന്‍ ബനാമറിന്റെ കലാസൃഷ്ടികള്‍ കീറിയെറിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് കവി പി.എന്‍. ഗോപീകൃഷ്ണന്‍.

ഹനാന്‍ ബനാമറിന്റെ കലാസൃഷ്ടികളില്‍ ഉള്ളത് തെറിയല്ലെന്നും ശക്തിമത്തായ രാഷ്ട്രീയ പ്രസ്താവനയാണെന്നും ഗോപീകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗോപീകൃഷ്ണന്റെ പ്രതികരണം.

താന്‍ നടത്തിയ അന്വേഷണത്തില്‍, നോര്‍വേയിലെ തീവ്രവലതുപക്ഷം ഹനാനെതിരെ ഉപയോഗിച്ച തെറിവാക്കുകള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ കലാസൃഷ്ടിയാണ് എറണാകുളം ദര്‍ബാര്‍ ഹാളിലെ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചതെന്നും ഗോപീകൃഷ്ണന്‍ പറഞ്ഞു. നിങ്ങളാണത് ചെയ്തതെന്ന് തീവ്രവലതുപക്ഷത്തിന്റെ മുഖത്ത് നോക്കിപ്പറയുന്ന കലയുടെ കരുത്താണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുഖത്തെറിഞ്ഞ അശ്ലീലതയെ, അമാനവികതയെ ലോകത്തിന് മുന്നില്‍ വെച്ച്, നിങ്ങള്‍ തീരുമാനമെടുക്കൂ എന്ന് പറയുന്ന നീതിയുടെ ചോദ്യമാണ്. അത് വലിച്ച് കീറിക്കളഞ്ഞ ആര്‍ട്ടിസ്റ്റുകള്‍ ഈ സന്ദര്‍ഭം മനസിലാക്കാതെയാണ് പ്രവര്‍ത്തിച്ചത് എന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം. അത് തിരിച്ചറിഞ്ഞ് അവര്‍ തെറ്റുതിരുത്തുമെന്നും,’ പി.എന്‍. ഗോപീകൃഷ്ണന്‍ കുറിച്ചു.

പെരുമാള്‍ മുരുകന്‍ കേസില്‍ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ കുറിച്ചും എസ്. ഹരീഷിന്റെ മീശക്കേസിലെ സുപ്രീം കോടതി വിധിയെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ഈ രണ്ട് കോടതിവിധികളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ കലാ, സാഹിത്യ രംഗം ഞെങ്ങി ഞെരുങ്ങിയാണെങ്കില്‍ പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതെന്നും പി.എന്‍. ഗോപീകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ്തുത കോടതി വിധികളുണ്ടായിരുന്നില്ലെങ്കില്‍, പഴമ്പുരാണങ്ങള്‍ പുതിയ ടെക്‌നോളജിയില്‍ കുളിപ്പിച്ചെടുക്കുന്ന ബാഹുബലി പ്രഭാവം ഇന്ത്യയിലെ കലാ, സാഹിത്യ രംഗത്തെ ആകമാനം മൂടിയേനേ എന്നും ഗോപീകൃഷ്ണന്‍ പറഞ്ഞു.

എം.എഫ്. ഹുസൈനെ ഖത്തറിലേക്കോടിച്ച ആള്‍ക്കൂട്ട മര്‍ദനത്തിന്റെ രീതിയിലേക്ക്, കല അറിയുന്നവര്‍ കൂറുമാറരുത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉറക്കെപ്പറഞ്ഞാല്‍ മതി. വെറുപ്പിന്റെ ഹിംസാത്മക രീതിയിലേയ്ക്ക് കഥയറിയാതെ എടുത്ത് ചാടുന്നത് അപകടകരമാണെന്നും പി.എന്‍ ഗോപീകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.

ദര്‍ബാര്‍ ഹാളില്‍ ‘അന്യവത്കൃത ഭൂമിശാസ്ത്രങ്ങള്‍’ എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായിരുന്നു ഹനാന്റെ ഇന്‍സ്റ്റലേഷന്‍. ഹനാന്റെ കലാസൃഷ്ടികളില്‍ അശ്ലീലതയുണ്ടെന്ന് ആരോപിച്ച് കലാകാരനായ ഹോചിമിനാണ് ആര്‍ട്ട് ഗാലറിയില്‍ അതിക്രമം നടത്തിയത്.

സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഹനാന്‍ ബനാമര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ലളിതകലാ അക്കാദമിയും നടപടിയെടുക്കുമെന്നാണ് വിവരം.

Content Highlight: Hanan Benammar’s artwork is powerful political statement against the far right: P.N. Gopikrishnan

We use cookies to give you the best possible experience. Learn more