ഇസ്‌ലമാബാദ്: 2019ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ ഹംസ ബുര്‍ഹാന്‍ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വെച്ച് വ്യാഴാഴ്ച അജ്ഞാതരുടെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒന്നിലധികം വെടിയുണ്ടകള്‍ ശരീരത്തിലേറ്റ ഇയാള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
ബുര്‍ഹാന് നേരെ വെടിയുതിര്‍ത്തത് ആരാണെന്നോ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമോ വ്യക്തമല്ല. ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
അര്‍ജുമന്ത് ഗുല്‍സാര്‍ ദര്‍ എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. 2022ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു
നിരോധിത ഭീകര സംഘടനയായ അല്‍ ബദറിലെ അംഗമായിരുന്നു ഇയാള്‍. പുല്‍വാമയിലെ രത്‌നിപോറ സ്വദേശിയായ ബുര്‍ഹാന്‍ 2017ല്‍ ഉന്നത പഠനത്തിനെന്ന വ്യാജേനയാണ് പാകിസ്ഥാനിലേക്ക് കടന്നത്. പിന്നീട് ഭീകര സംഘടനയില്‍ ചേരുകയും കമാന്‍ഡര്‍ പദവിയിലേക്ക് ഉയരുകയും ചെയ്യുകയുമായിരുന്നു.
40 സി.ആര്‍.പി.എഫ് സൈനികരുടെ വീരമൃത്യുവിന് കാരണമായ 2019 ഫെബ്രുവരി 14ലെ പുല്‍വാമ ആക്രമണം ഉള്‍പ്പെടെ ജമ്മു കശ്മീരില്‍ നടന്ന നിരവധി ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ബുര്‍ഹാന്റെ കൈകളുണ്ട്. കശ്മീരിലെ യുവാക്കളെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും ഇയാള്‍ പ്രധാന പങ്കുവഹിച്ചിരുന്നു.
സമീപകാലത്ത് പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി സമാനമായ രീതിയില്‍ നിരവധി ഭീകരര്‍ അജ്ഞാത സംഘങ്ങളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബുര്‍ഹാന്റെ കൊലപാതകത്തെത്തുടര്‍ന്ന് മേഖലയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Content Highlight: Hamza Burhan, mastermind of the 2019 Pulwama terror attack, has been killed.