| Wednesday, 28th January 2026, 8:29 pm

രാജ്മോഹന്‍ ഉണ്ണിത്താന്‍ ടോള്‍ പിരിവിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നില്ലെന്ന് വിമര്‍ശിച്ചു; കാസര്‍ഗോട്ട് കോണ്‍ഗ്രസ് നേതാവിന് സസ്പെന്‍ഷന്‍

രാഗേന്ദു. പി.ആര്‍

കാസര്‍ഗോഡ്: ലോക്‌സഭാ എം.പി രാജ്മോഹന്‍ ഉണ്ണിത്താനെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിന് സസ്പെന്‍ഷന്‍. കാസര്‍ഗോട്ടെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹമീദ് കാവിലിനെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.

ഡി.സി.സി പ്രസിഡന്റിന്റേതാണ് നടപടി. പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്ന് ഹമീദിനെ സസ്പെന്‍ഡ് ചെയ്തതായി ഡി.സി.സി അധ്യക്ഷന്‍ പി.കെ. ഫൈസല്‍ അറിയിച്ചു.

കുമ്പള-ആരിക്കാടി ടോള്‍ വിഷയത്തിലായിരുന്നു ഹമീദിന്റെ വിമര്‍ശനം. ടോള്‍ പിരിവിനെതിരായ പ്രതിഷേധത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ പങ്കെടുക്കുന്നില്ലെന്ന് ഹമീദ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു.

രാജ്മോഹന്‍ ഉണ്ണിത്താന്‍

ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ സമാനമായ വിമര്‍ശനം വ്യാപകമാകുന്നതിനിടെയാണ് ഹമീദ് പരസ്യമായി പ്രതികരിച്ചത്. കുമ്പളയിലെ ടോള്‍ പിരിവിനെതിരായ സമരത്തില്‍ കാസര്‍ഗോഡ്, മഞ്ചേശ്വരം മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരാണ് ഭൂരിഭാഗവും പങ്കെടുക്കുന്നത്.

എന്നാല്‍ ഈ പ്രതിഷേധത്തില്‍ ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ എം.പി പങ്കെടുക്കില്ലെന്നാണ് ഹമീദ് കാവില്‍ ചൂണ്ടിക്കാട്ടിയത്. സസ്‌പെന്‍ഷന് പിന്നാലെ താന്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ കോണ്‍ഗ്രസുകാരനല്ലെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുകാരനാണെന്നും ഹമീദ് കാവില്‍ പ്രതികരിച്ചു.

‘കുമ്പള ടോള്‍ പ്ലാസയിലെ അനധികൃത പിരിവിനെതിരെ ‘നിരന്തരം സംസാരിക്കുന്ന’ കാസര്‍ഗോഡ് എം.പിയുടെ നടപടിക്കെതിരെ ഫേസ്ബുക്കില്‍ കമന്റിട്ടതിന് കാസര്‍ഗോഡ് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ എന്നെ വിശദീകരണം പോലും ചോദിക്കാതെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നു.
ജനകീയസമരത്തിന് ഐക്യദാര്‍ഢ്യം. പിന്നെ, ഞാന്‍ ഉണ്ണിത്താന്റെ കോണ്‍ഗ്രസുകാരനല്ല… ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുകാരനാണ്,’ ഹമീദ് കാവില്‍ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം കുമ്പളയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട ആശങ്കകള്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്റഫ് ഇന്ന് (ബുധന്‍) നിയമസഭയില്‍ ഉന്നയിച്ചു.

തലപ്പാടിയിലെ ദേശീയപാത 66ല്‍ ഒരു ടോള്‍ ബൂത്ത് ഉണ്ടായിരിക്കെ, ദൂരപരിധി ലംഘിച്ച് 22 കിലോമീറ്ററില്‍ കുമ്പള- ആരിക്കാടിയില്‍ രണ്ടാം ടോള്‍ പ്ലാസ സ്ഥാപിച്ച ദേശീയപാത അതോറിറ്റിയുടെ നടപടി റദ്ദ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

നേരത്തെ ടോള്‍ പിരിവിനെതിരെ പ്രതിഷേധച്ചതിനെ തുടര്‍ന്ന് എ.കെ.എം അഷ്റഫ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായിരുന്നു.

Content Highlight: Hameed Kavil suspended for criticizing Rajmohan Unnithan for not participating in protest against toll collection

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more