| Monday, 6th October 2025, 9:34 pm

കെ.എം. ഷാജി ശ്രമിക്കുന്നത് മുജാഹിദ് വിശ്വാസം ഒളിച്ചുകടത്താന്‍: ഹമീദ് ഫൈസി അമ്പലക്കടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മന്ത്രിസ്ഥാനത്തുള്ള വ്യക്തി ആള്‍ദൈവങ്ങളെ കെട്ടിപ്പിടിക്കുന്നതും ദര്‍ഗയില്‍ പോയി തുണി വിരിക്കുന്നതും ഒരുപോലെ തെറ്റാണെന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്കെതിരെ വിമര്‍ശനവുമായി എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്. കെ.എം. ഷാജിയുടെ പ്രസ്താവന മതവിശ്വാസികളെ, പ്രത്യേകിച്ച് സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല, സുന്നി വിഭാഗത്തിനെതിരെ നേരത്തെയും ഷാജി ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഹമീദ് ഫൈസി അമ്പലക്കടവ് വിമര്‍ശിച്ചു.

മുജാഹിദ് വിഭാഗങ്ങള്‍ക്ക് മുസ്‌ലിം ലീഗില്‍ എത്ര ഉയര്‍ന്ന സ്ഥാനവും അലങ്കരിക്കാം. സുന്നികള്‍ അതുള്‍ക്കൊള്ളും. എന്നാല്‍ പക്ഷേ, ആ സ്ഥാനത്തിരുന്ന് കൊണ്ട് സുന്നികളെയും അവര്‍ ഏറെ ആദരിക്കുന്ന മഹാത്മാക്കളെയും ഇകഴ്ത്തി കാണിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

ഈ പ്രസ്താവനയിലൂടെ മാതാ അമൃതാനന്ദമയി ദേവിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ഷാജി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന രീതി ആര്‍ക്കും ഗുണം ചെയ്യില്ലെന്നും ഹമീദ് ഫൈസി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിശുദ്ധാത്മാക്കളുടെ കബറിടത്തില്‍ അവരെ ആദരിച്ചുകൊണ്ട് വസ്ത്രം വിരിക്കുന്നത് തെറ്റാണെന്ന നിലയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി നടത്തിയ പ്രസ്താവന മതവിശ്വാസികളെ, പ്രത്യേകിച്ച് സുന്നി വിഭാഗത്തെ ഏറെ വേദനിപ്പിക്കുന്നതും തീര്‍ത്തും പ്രതിഷേധാര്‍ഹവുമാണ്.

സുന്നികള്‍ക്ക് എതിരെ അദ്ദേഹം നടത്തുന്ന ആദ്യത്തെ പ്രതികരണമല്ലിത്. ുന്നികള്‍ക്കെതിരെയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷനെതിരെയും സുന്നി സംഘടനകള്‍ക്കെതിരെയും കഴിഞ്ഞ കുറച്ച് കാലമായി ചിലര്‍ പ്രതികരിച്ചു കൊണ്ടിരിക്കുന്നു. സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന രീതി ആര്‍ക്കും ഗുണം ചെയ്യില്ല.

മുജാഹിദ് വിഭാഗങ്ങള്‍ക്ക് മുസ്‌ലിം ലീഗില്‍ എത്ര ഉയര്‍ന്ന സ്ഥാനവും അലങ്കരിക്കാം. സുന്നികള്‍ അതുള്‍ക്കൊള്ളും. പക്ഷേ, ആ സ്ഥാനത്തിരുന്ന് കൊണ്ട് മുസ്‌ലിങ്ങളുടെ മഹാഭൂരിപക്ഷം വരുന്ന സുന്നികളെയും അവര്‍ ഏറെ ആദരിക്കുന്ന മഹാത്മാക്കളെയും ഇകഴ്ത്തി കാണിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ല.

ഈ പ്രസ്താവനയിലൂടെ മാതാ അമൃതാനന്ദമയി ദേവിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ഷാജി ശ്രമിക്കുന്നത്. മന്ത്രിമാക്കും പാര്‍ട്ടി നേതാക്കള്‍ക്കും മതവിശ്വാസവും മതാനുഷ്ഠാന കര്‍മ്മങ്ങളും എത്ര വരെ നിര്‍വഹിക്കാം എന്ന് ഷാജി വ്യക്തമാക്കേണ്ടിയിരിക്കുന്നു.

മുസ്‌ലിം ലീഗില്‍ ഏറ്റവും ആദരണീയരായ നേതാക്കളായി കരുതപ്പെടുന്ന പാണക്കാട് സാദാത്തുക്കളുടെ മഖാമുകളില്‍ വസ്ത്രം വിരിച്ചതിനെ കുറിച്ചും മുസ്‌ലിം ലീഗ് നേതാക്കന്മാര്‍ മഹാന്മാരുടെ മഖ്ബറകള്‍ സിയാറത്ത് ചെയ്യുന്നതും അവിടെ വസ്ത്രം വിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് എന്താണ് ഷാജിക്ക് പറയാനുള്ളത്?

മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ദിവസം അമൃതപുരിയിലെത്തി അവരെ സന്ദര്‍ശിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാനെ വിമര്‍ശിക്കവെയാണ് കെ.എം. ഷാജി ഈ പരാമര്‍ശം നടത്തിത്. ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സി.എച്ച്. മുഹമ്മദ് കോയ ഇന്റര്‍നാഷണല്‍ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അമൃതാനന്ദമയി എന്ന ആള്‍ദൈവത്തെ സ്‌നേഹിച്ചോട്ടെ, ഇഷ്ടപ്പെട്ടോട്ടെ, ഉമ്മ വെച്ചോട്ടെ, കെട്ടിപ്പിടിച്ചോട്ടെ പക്ഷെ അതൊരു മന്ത്രി ചെയ്യുമ്പോള്‍ തെറ്റാണ്. അമൃതാനന്ദമയി എന്ന ആള്‍ ദൈവത്തിന്റെ കാര്യം മാത്രമല്ല, ദര്‍ഗയില്‍ പോയി തുണി വിരിക്കുമ്പോള്‍ അതും തെറ്റാണ്. അത് മന്ത്രി ചെയ്യേണ്ടതല്ല, അതൊരു മന്ത്രിയുടെ പണിയല്ല. അതാണ് പ്രശ്‌നം’, എന്നാണ് കെ.എം. ഷാജി പറഞ്ഞത്.

Content Highlight: Hameed Faizy Ambalakkadavu slams KM Shaji

We use cookies to give you the best possible experience. Learn more