| Sunday, 10th May 2026, 4:40 pm

ഇസ്രഈലിന്‌റേത് 'യുദ്ധക്കുറ്റകൃത്യം'; ഫലസ്തീന്‍ വനിതാ തടവുകാര്‍ക്കെതിരായ പീഡനങ്ങളെ അപലപിക്കുന്നുവെന്ന് ഹമാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസസിറ്റി: ഇസ്രഈലി ജയിലുകളില്‍ ഫലസ്തീനിയന്‍ വനിതാ തടവുകാര്‍ക്കെതിരെ നടക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളെ അപലപിക്കുന്നതായി ഹമാസ്. വര്‍ധിച്ച് വരുന്ന ഇത്തരം പീഡനങ്ങള്‍ യുദ്ധക്കുറ്റകൃത്യങ്ങളാണെന്നും ഹമാസ് അഭിപ്രായപ്പെട്ടു.

87 ഫലസ്തീന്‍ വനിതാ തടവുകാരെ ഇസ്രഈലി ഭരണകൂടം തുടര്‍ച്ചയായി തടവിലിട്ടിരിക്കുന്നതിനെ അപലപിക്കുന്നതായി ഹമാസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഗര്‍ഭണികളും, രോഗബാധിതരും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളും അടക്കമുള്ളവരാാണ് തടവിലുള്ളത്.

ആവശ്യത്തിനുള്ള ഭക്ഷണമോ ശരിയായ ആരോഗ്യ പരിപാലന സംവിധാനമോ നല്‍കാതെ ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇസ്രഈലി ഭരണകൂടത്തിന്‌റെ ഫാഷിസ്റ്റ് മുഖം വ്യക്തമാക്കുകയാണെന്നും ഹമാസ് അഭിപ്രായപ്പെട്ടു.

ഫലസ്തീന്‍ ജനതക്കെതിരായ അടിച്ചമര്‍ത്തലിനും പ്രതികാരത്തിനും വേണ്ടിയുള്ള ഒരു ഉപകരണമായി ജയില്‍ സംവിധാനത്തെ ഉപയോഗിക്കുകയാണ് ഇസ്രഈലി ഭരണകൂടമെന്നും പ്രസ്താവനയില്‍ പറയുന്നു. ബെഞ്ചമിന്‍ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയാണെന്നും ഹമാസ് അഭിപ്രായപ്പെട്ടു.

സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങളുടെ പേരില്‍ ഫലസ്തീനിയന്‍ വനിതകളെ കസ്റ്റഡിയിലെടുക്കുകയും അവര്‍ക്കെതിരെ നിയമനടപടികളെടുക്കുകയും ചെയ്യുന്നത് ഭരണകൂട ഭീകരത വര്‍ധിച്ചു വരുന്നതിന്‌റെ ഭാഗമാണെന്നും ഹമാസിന്‌റെ പ്രസ്താവനയില്‍ പറയുന്നു.

ഈ വിഷയത്തില്‍ യു.എന്നിന്‌റെയും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും റെഡ് ക്രോസിന്‌റെയും അടിയന്തര ഇടപെടല്‍ വേണം. വനിതാ തടവുകാരെ മോചിപ്പിക്കാനായി ഇവര്‍ സമ്മര്‍ദം ചെലുത്തണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

Content Highlight: Hamas Statement on Palestinian female prisoners held in Israeli jails

We use cookies to give you the best possible experience. Learn more