| Monday, 18th August 2025, 9:57 pm

ഹമാസ് 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയില്‍ വെടിനിര്‍ത്തലിനായി മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്.

കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ 22 മാസത്തിലേറെ നീണ്ട യുദ്ധം അവസാനിക്കും. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുള്‍പ്പെടെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ വെടിനിര്‍ത്തല്‍ കരാറിന് ഒരു ഭേദഗതിയും കൂടാതെ സമ്മതിച്ചുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങള്‍ അറിയിച്ചുവെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. 60 ദിവസത്തെ പ്രാരംഭ വെടിനിര്‍ത്തലാണ് കരാറിന്റെ ആദ്യ ഘട്ടം.

നിലവിലുള്ള 50ഓളം ബന്ദികളെ രണ്ട് ഘട്ടമായി മോചിപ്പിക്കും. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ‌ഇസ്രഈൽ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.

കരാർ പ്രകാരം ഹമാസ് ബന്ധികളാക്കിയിട്ടുള്ള ഈസ്രഈലി ബന്ദികളില്‍ പകുതി ആളുകളെ വിട്ടയക്കും. ഇസ്രഈലിന്റെ തടവറകളിലുള്ള ഫലസ്തീനികളുടെ എണ്ണം വ്യക്തമല്ലെങ്കിലും അവരുടെ കൈമാറ്റവും ഉണ്ടാകും.

ഗസയിലെ യുദ്ധമേഖലയിലേക്ക് സഹായം എത്തിക്കുന്നതിനായി ഇസ്രഈല്‍ സൈന്യം പൂര്‍ണമായ വഴിയൊരുക്കും എന്നതടക്കമുള്ള  ഉപാധികളിലാണ് ഹമാസ് ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത് എന്നാണ് സൂചന.

​ഗസയില്‍ ഇസ്രഈല്‍ നടത്തിയ ബോംബാക്രമണത്തിലും വ്യോമാക്രമണത്തിലും ഇതുവരെ നാല്‍പതിനായിരത്തില്‍ അധികം കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഗസയിലെ കുട്ടികള്‍ക്കും ബാല്യത്തിനും എതിരായ യുദ്ധത്തില്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പോഷാകാഹാര കുറവും പട്ടിണിയും മൂലം കുറഞ്ഞത് 100 കുട്ടികള്‍ മരിച്ചുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 21 മാസം കൊണ്ട് 60000 മനുഷ്യരാണ് ഗസയിൽ കൊല്ലപ്പെട്ടതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Content Highlight: Hamas reportedly accepts ceasefire proposal

We use cookies to give you the best possible experience. Learn more