| Saturday, 25th January 2025, 4:53 pm

ബന്ദികളാക്കിവെച്ച നാല് ഇസ്രഈലി സൈനികരെക്കൂടി വിട്ടയച്ച് ഹമാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഗസയില്‍ ബന്ദികളാക്കിവെച്ച നാല് പേരെക്കൂടി മോചിപ്പിച്ച് ഇസ്രഈല്‍. റെഡ്‌ക്രോസ് വഴിയാണ് ബന്ദികളെ ഹമാസ് ഇസ്രഈലിന് കൈമാറിയത്. നാമ ലെവി, ലിറി അല്‍ബാഗ്, കരീന അറീവ്, ഡാനിയേല ഗില്‍ബോവ എന്നീ വനിത സൈനികരെയാണ് ഹമാസ് വിട്ടയച്ചത്.

ഇവരെ ഇസ്രഈലിന് കൈമാറിയതിന് പകരമായി 200 ഫലസതീന്‍ തടവുകാരെ ഇസ്രഈല്‍ ഇന്ന് വിട്ടയക്കും. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഹമാസ് വനിത സൈനികരെ ബന്ദികളാക്കിയത്. ഗസയിലെ ഫലസ്തീന്‍ സ്‌ക്വയറില്‍വെച്ച് അവിടെ കൂടിയിരുന്ന ജനങ്ങള്‍ക്ക് നേരെ കൈവീശി യാത്ര ചോദിച്ചാണ് നാല് പേരും റെഡ്‌ക്രോസിന്റെ വാഹനത്തില്‍ കറിയതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിരിച്ചെത്തുന്ന നാല് ബന്ദികളെ ഇസ്രഈലില്‍വെച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ഇസ്രഈല്‍ സൈന്യം അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് റോമി ഗോനെന്‍ (24), എമിലി ദമാരി (28), ഡോറണ്‍ സ്റ്റെയിന്‍ബ്രെച്ചര്‍ (31) എന്നീ ബന്ദികളെ ഹമാസ് ഇസ്രഈലിന് കൈമാറിയിരുന്നു.

തടവുകാരുടെ കൈമാറ്റ കരാറിന്റെ ആദ്യ ഘട്ടത്തില്‍, ഓരോ ഇസ്രഈലി ബന്ദിക്കും പകരമായി 30 ഫലസ്തീന്‍ സ്ത്രീകളേയും കുട്ടികളേയും കൈമാറുമെന്നാണ് അറിയിച്ചിരുന്നത്.

ആദ്യഘട്ട റിലീസില്‍ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പി.എഫ്.എല്‍.പി) യുടെ ഏറ്റവും പ്രമുഖ നേതാക്കളിലൊരാളായ ഖാലിദ ജരാറും ഉള്‍പ്പെട്ടിരുന്നു. ഫലസ്തീനിയന്‍ രാഷ്ട്രീയ നേതാവും മനുഷ്യാവകാശപ്രവര്‍ത്തകയും അഭിഭാഷകയുമായ ജരാര്‍ 2023 ഡിസംബര്‍ മുതല്‍ ഇസ്രഈലിന്റെ തടങ്കലിലായിരുന്നു.

ബന്ദികളുടെ പേരുവിവരങ്ങള്‍ ഹമാസ് പുറത്തുവിടാതെ വെടിനിര്‍ത്തല്‍ നടപ്പിലാക്കില്ലെന്ന് ഇസ്രഈല്‍ നിലപാട് എടുത്തതോടെ വെടിനിര്‍ത്തല്‍ കരാറില്‍ അനിശ്ചിതത്വത്തിലായിരുന്നു. ഇതോടെ കരാര്‍ നിലവില്‍ വരുന്നത് ഏകദേശം രണ്ട് മണിക്കൂര്‍ വൈകി. തുടര്‍ന്ന് കൈമാറ്റം ചെയ്യുന്ന മൂന്ന് ബന്ദികളുടെ പേരുവിവരങ്ങള്‍ ഹമാസ് കൈമാറിയതോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്.

വെടിനിര്‍ത്തല്‍ ചര്‍ച്ചയിലെ മധ്യസ്ഥരായ ഖത്തര്‍ മുഖേനയാണ് ഇന്ന് മോചിപ്പിക്കുന്ന മൂന്ന് പേരുടെ പേരുവിവരങ്ങള്‍ ഹമാസ് പുറത്തുവിട്ടത്. ഇന്നും സമാനായി മോചിപ്പിക്കുന്ന നാല് ബന്ദികളുടെ പേരുവിവരങ്ങള്‍ ഹമാസ് ഇസ്രഈലിന് കൈമാറിയിരുന്നു.

വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി ഇന്ന് മൂന്ന് പേരെയും ഏഴാം ദിവസം നാല് പേരെയും അതിന് ശേഷമുള്ള അഞ്ച് ആഴ്ച്ചകളില്‍ ബാക്കി 26 പേരേയും മോചിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതിനെച്ചൊല്ലി ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗ്വിര്‍ രാജിവെച്ചിരുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ ഈജിപ്ത് അതിര്‍ത്തിയിലെ റഫാ അതിര്‍ത്തി തുറക്കും. കൂടാതെ ഫിലാഡല്‍ഫിയ ഇടനാഴിയില്‍ നിന്നും ഇസ്രഈല്‍ സൈന്യം പിന്മാറും. വരും ദിവസങ്ങളില്‍ കരാറിന്റെ രണ്ടും മൂന്നും ഘട്ടത്തിന്റ ചര്‍ച്ചകള്‍ ആരംഭിക്കും.

രണ്ടാമത്തെ ഘട്ടത്തില്‍ ഹമാസ് മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കും. കൂടാതെ സ്ഥിരമായ വെടിനിര്‍ത്തലിനുമുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. ഈ ഘട്ടത്തില്‍ ഇസ്രഈല്‍ സൈന്യം പൂര്‍ണമായും ഗസയില്‍ നിന്ന് പിന്മാറണമെന്നാണ് കരാറില്‍ പറയുന്നത്. മൂന്നാംഘട്ടത്തില്‍ ഗസയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ ആരംഭിക്കും.

Content Highlight: Hamas released four more Israeli soldiers held hostage

We use cookies to give you the best possible experience. Learn more