| Sunday, 9th August 2026, 10:23 pm

ഗസ: ട്രംപിന്റെ 15 ഇന പ്ലാന്‍ തള്ളി ഇസ്രഈല്‍; പിന്തുണ ആവര്‍ത്തിച്ച് ഹമാസ്

റെന്വര്‍ പി

ഗസസിറ്റി: ഗസയില്‍ നിന്ന് ഇസ്രഈല്‍ പിന്‍മാറുന്നതിനും ഹമാസിന്റെ നിരായുധീകരണത്തിനുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 15 ഇന പദ്ധതി നടപ്പാക്കുന്നതിനുള്ള സന്നദ്ധത തങ്ങള്‍ തുടരുമെന്ന് ഹമാസ്. ട്രംപ് നിര്‍ദേശിച്ച 15 ഇന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് (ഓഗസ്റ്റ് ഒമ്പത്, ഞായര്‍) തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം.

ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുന്നതിന് മധ്യസ്ഥരുമായും ബോര്‍ഡ് ഓഫ് പീസുമായും സഹകരിച്ചുകൊണ്ടുള്ള മാര്‍ഗരേഖയുമായി മുന്നോട്ട് പോകാനുള്ള പ്രതിജ്ഞാദ്ധത ആവര്‍ത്തിക്കുന്നതായി ഹമാസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. കരാറിന്റെ പൂര്‍ണമായ നടപ്പാക്കലിന് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതായും ഹമാസ് വ്യക്തമാക്കി.

പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത രാജ്യങ്ങളും മധ്യസ്ഥരും അത് നടപ്പാക്കുന്നതില്‍ അവരവരുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്താന്‍ തയ്യാറാവണമെന്നും ഹമാസ് അഭിപ്രായപ്പെട്ടു. കരാര്‍ പൂര്‍ത്തിയാക്കുന്നതിന് ‘പോസിറ്റീവായും ഉത്തരവാദിത്തത്തോടെയും’ ഇടപെടുന്നത് തുടരും. അതുവഴി തങ്ങളുടെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുമെന്ന് ഉറപ്പാക്കുമെന്നും ഹമാസ് പ്രസ്താവനയില്‍ പറയുന്നു.

പൂര്‍ണമായ വെടിനിര്‍ത്തല്‍, ഇസ്രഈലി ആക്രമണങ്ങള്‍ അവസാനിപ്പിക്കല്‍, ഗസയില്‍ നിന്നുള്ള ഇസ്രഈല്‍ പിന്മാറ്റം, അതിര്‍ത്തി ക്രോസിങ്ങുകള്‍ വീണ്ടും തുറക്കല്‍, സഹായ വിതരണം ലഭ്യമാക്കാല്‍ എന്നിവ യാഥാര്‍ത്ഥ്യമാക്കാന്‍ 15 ഇന പദ്ധതി പൂര്‍ണരൂപത്തില്‍ നടപ്പിലാക്കിയാല്‍ സാധിക്കും. ഗസയിലെ പുനര്‍നിര്‍മാണം ആരംഭിക്കാനും ഗാസ ഭരണത്തിനായുള്ള ദേശീയ സമിതിയെ ചുമതലകള്‍ ഏറ്റെടുക്കാന്‍ സജ്ജരാക്കാനും ഇത് സഹായിക്കും.

സമാധാന ബോര്‍ഡ് പദ്ധതിയെ തങ്ങള്‍ നിരസിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് പറഞ്ഞിരുന്നു. ഹമാസ് പൂര്‍ണമായും നിരായുധീകരിക്കുന്നതുവരെ സൈന്യത്തെ പിന്‍വലിക്കില്ലെന്നും നെതന്യാഹു ഇന്ന് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിരുന്നു.

ഈ വിഷയത്തെക്കുറിച്ച് ഇസ്രഈല്‍ യു.എസുമായി ചര്‍ച്ചകളിലാണ് എന്നും നെതന്യാഹു പറഞ്ഞിരുന്നു. ‘അവര്‍ക്ക് ചില ആശയങ്ങളുണ്ട്, അവയില്‍ ചിലത് ഞങ്ങള്‍ക്ക് സ്വീകാര്യമാണ്. ചിലത് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. ഈ കാര്യങ്ങളില്‍ എങ്ങനെ ഉറച്ചുനില്‍ക്കണമെന്ന് ഞങ്ങള്‍ക്കറിയാം,’ നെതന്യാഹു പറഞ്ഞു.

അതേസമയം, ഇപ്പോള്‍ ഗസ പദ്ധതിയെ നെതന്യാഹു തള്ളിയത് ഈ വര്‍ഷം ഒക്ടോബറില്‍ വരാനിരിക്കുന്ന ഇസ്രഈല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് നെതന്യാഹുവിന്റെ മുന്‍ സഹായി മിച്ചല്‍ ബറാക് അഭിപ്രായപ്പെട്ടു. നെതന്യാഹു തന്റെ രാഷ്ട്രീയ നിലനില്‍പ് മുന്നില്‍ കണ്ടാണ് ഈ നിലപാട് സ്വീകരിച്ചതെന്നും ബറാക് അവകാശപ്പെടുന്നു.

ട്രംപ് പ്രഖ്യാപിച്ച പദ്ധതി ഇസഈല്‍ എത്രയും വേഗം അംഗീകരിക്കുമെന്ന്’ താന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നതായും ബരാക് പറഞ്ഞു. ഹമാസ് നിരായുധീകരണത്തിന്റെ സമയക്രമവുമായി ബന്ധപ്പെട്ടാണ് നെതന്യാഹുവിന്റെ ഇപ്പോഴത്തെ പ്രതികരണം. അത് നെതന്യാഹുവും യു.എസും തമ്മിലുള്ള ഭിന്നതയായി കണക്കാക്കാന്‍ പറ്റില്ല. ട്രംപുമായുള്ള ബന്ധം ഇല്ലാതാക്കാന്‍ നെതന്യാഹു ആഗ്രഹിക്കുന്നില്ലെന്നും ബറാക് പറഞ്ഞു.

ഗസയില്‍ ഇസ്രഈലിന്റെ പിന്‍മാറ്റത്തിനും ഹമാസിന്റെ നിരായുധീകരണത്തിനുമായുള്ള പദ്ധതി കഴിഞ്ഞ മാസം മുപ്പതിനായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ട്രംപിന്റെ പ്രഖ്യാപനത്തെ ഹമാസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഗസയിലെ പ്രശ്‌ന പരിഹാരത്തിനായി രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു പുതിയ ഫലസ്തീന്‍ സര്‍ക്കാരിന്റെ ഭരണം ഗസയില്‍ ഉറപ്പാക്കുന്നതിനുള്ള പദ്ധതിയാണ് ട്രംപ് പ്രഖ്യാപിച്ചത്.

‘ബോര്‍ഡ് ഓഫ് പീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു പുതിയ ഫലസ്തീന്‍ സര്‍ക്കാരിന്റെ കൈയിലേക്ക് ഗസ എത്തിച്ചേരുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതി. അതേ സമയം ഗസ ഭീകര ആക്രമണങ്ങള്‍ക്കുള്ള ഇടം ആകാതിരിക്കുന്നതോടെ ഇസ്രഈലിന് അവര്‍ അര്‍ഹിക്കുന്ന സുരക്ഷയുമുണ്ടാവും’ എന്ന് ഈ പദ്ധതിയെക്കുറിച്ച് ജൂലൈ 30ന് ട്രംപ് പറഞ്ഞിരുന്നു.

Content Highlight: Hamas calls for full implementation of Trump’s 15-point plan while Israel Rejects

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more