റഫ: ഗസയില്‍ തടവില്‍ കഴിയുന്ന 48 ഇസ്രഈല്‍ ബന്ദികള്‍ക്ക് വിടവാങ്ങല്‍ പ്രഖ്യാപിച്ച് ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ്.
ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗസ സിറ്റിയിലെ ഫലസ്തീനികളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കവുമായി മുന്നോട്ടുപോകരുതെന്ന മുന്നറിയിപ്പോട് കൂടി ഹമാസ് ഒരു ‘വിടവാങ്ങല്‍ ചിത്രം’ പുറത്തുവിടുകയായിരുന്നു.
ഓരോ ബന്ദിയെയും ‘1986ല്‍ കസ്റ്റഡിയിലാകുകയും പിന്നീട് ഇതുവരെ ഒരു വിവരവും ലഭ്യമല്ലാത്തതുമായ’ ഇസ്രഈല്‍ വ്യോമസേന നാവിഗേറ്ററായ ‘റോണ്‍ ആരാദ്’ എന്ന് ലേബല്‍ ചെയ്തിട്ടുണ്ടെന്നും ഹമാസ് അറിയിച്ചു. ബന്ദികള്‍ക്ക് ഒരു നമ്പര്‍ നല്‍കിയിട്ടുണ്ടെന്നും ഹമാസ് പറയുന്നു.
ഇസ്രഈല്‍ സേനയായ ഐ.ഡി.എഫിനെ വിമര്‍ശിച്ചും നെതന്യാഹു വെടിനിര്‍ത്തല്‍ കരാര്‍ നിരസിച്ചതായും ചൂണ്ടിക്കാട്ടിയാണ് ഹമാസ് ബന്ദികളുടെ ചിത്രം പുറത്തുവിട്ടത്.
നിലവില്‍ ഇസ്രഈലി ബന്ദികളെ ഗസയിലെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അറിയിച്ച അല്‍-ഖസ്സാം ബ്രിഗേഡുകള്‍, ഗസയില്‍ ആക്രമണം തുടര്‍ന്നാല്‍ ബന്ദികളെ തിരികെ ലഭിക്കില്ലെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗസ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇസ്രഈല്‍. അതിനുള്ള ഓപ്പറേഷന്‍ കൂടുതല്‍ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഹമാസ് ഇസ്രഈല്‍ ബന്ദികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്നത്.
അതേസമയം 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കാലയളവില്‍ ഹമാസ് 30 ഇസ്രഈല്‍ ബന്ദികളെ മോചിപ്പിച്ചിരുന്നു. 20 ഇസ്രഈല്‍ സിവിലിയന്മാരും അഞ്ച് സൈനികരും അഞ്ച് തായ് പൗരന്മാരുമാണ് ഇതില്‍ ഉള്‍പ്പെട്ടത്.
കൂടാതെ തടവിലിരിക്കെ കൊല്ലപ്പെട്ട എട്ട് ഇസ്രഈലികളുടെ മൃതശരീരങ്ങളും ഹമാസ് കൈമാറിയിരുന്നു. പകരം തടവിലുള്ള 2000 ഫലസ്തീന്‍ ബന്ദികളെയാണ് ഇസ്രഈല്‍ മോചിപ്പിച്ചത്. അതേസമയം ഗസയില്‍ ഇപ്പോഴും കൂട്ടപലായനം തുടരുകയാണ്.
ഗസയുടെ 12 ശതമാനത്തോളം വരുന്ന പ്രദേശം മാത്രമാണ് ഇസ്രഈല്‍ സുരക്ഷിത മേഖലയായി അനുവദിച്ചതെന്നും കുറഞ്ഞത് 1.7 ദശലക്ഷം ആളുകളെയെങ്കിലും ഈ പ്രദേശങ്ങളിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണെന്നും ഗസ ആരോഗ്യ മേധാവി മുനീര്‍ അല്‍-ബര്‍ഷ് പറഞ്ഞു.
ഇന്ന് (ഞായര്‍) പുലര്‍ച്ചയോടെ നടന്ന ആക്രമണത്തില്‍ 91 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 76 പേരും ഗസ സിറ്റിയിലെ നിവാസികളാണ്.
Content Highlight: Hamas announces farewell to 48 Israeli hostages