തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസിൽ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. എൻ. ആനന്ദ കുമാർ അറസ്റ്റിൽ. ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
പകുതി വില തട്ടിപ്പിൽ കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ആനന്ദകുമാറിനെ പ്രതി ചേർത്തിട്ടുണ്ട്. മൂവാറ്റുപുഴയിൽ രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ മുഖ്യ പ്രതിയാകുമെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ആനന്ദകുമാർ മുൻകൂർ ജാമ്യം തേടിയത്. ഈ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
ജാമ്യഹരജിയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. തന്‍റെ അക്കൗണ്ടിൽ വന്ന പണമെല്ലാം ട്രസ്റ്റിന് ലഭിച്ചതാണെന്നും ഇത് വ്യക്തിപരമായി കിട്ടിയതല്ലെന്നും രേഖാമൂലം നികുതി അടച്ച പണമാണെന്നും അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ തയാറാണെന്നും ആനന്ദ കുമാർ കോടതിയിൽ വാദിച്ചിരുന്നു.
എന്നാൽ തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ആനന്ദ കുമാറിന് ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് റിപ്പോർട്ട് ലഭിക്കാതിരുന്നതിനെത്തുടർന്ന് അഞ്ചു തവണ മാറ്റിവെച്ച കേസിൽ തിങ്കളാഴ്ച കോടതി വാദം കേൾക്കുകയായിരുന്നു.
കണ്ണൂർ ടൗൺ പൊലീസ് എടുത്ത കേസിൽ കണ്ണൂർ എസ്.പിയെ എതിർകക്ഷിയാക്കിയാണ് ഹരജി ഫയൽചെയ്തിരുന്നത്. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസിൽ എ. മോഹനൻ നൽകിയ പരാതിയിലാണ് ആനന്ദകുമാർ അടക്കം ഏഴുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. പ്രതികൾക്കെതിരെ വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കണ്ണൂർ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങൾക്ക് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് അമ്പത് ശതമാനം നിരക്കിൽ ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് പറഞ്ഞ് 2,96,40,000 രൂപ തട്ടിയെടുത്തു എന്നതാണ് കേസ്. ആനന്ദ കുമാർ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി അനന്തുകൃഷ്ണനാണ്. ഡോ ബീന സെബാസ്റ്റ്യൻ, ഷീബാ സുരേഷ്, സുമ കെ പി, ഇന്ദിര, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് എന്നിവരടക്കം ഏഴുപേരാണ് കേസിലെ പ്രതികൾ.
Content Highlight: Half-price scam; Sai Gram Global Trust Chairman Anand Kumar arrested