പാട്‌ന: ബി.ജെ.പിക്കും എന്‍.ഡി.എ സഖ്യത്തിനുമെതിരെ പൊരുതാന്‍ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത് ജന്‍സുരാജ് പാര്‍ട്ടി അധ്യക്ഷനും തെരഞ്ഞെടുപ്പ് വിദഗ്ധനുമായ പ്രശാന്ത് കിഷോര്‍. ഇതിനായി രാജ്യത്തെ ഹിന്ദുക്കളും മുസ്‌ലിങ്ങളും കൈകോര്‍ക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ‘രാജ്യത്തെ മുസ്‌ലിങ്ങളും ഗാന്ധിയന്‍, അംബേദ്ക്കര്‍, കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന ഹിന്ദുക്കളും ഒന്നിച്ചുനിന്ന് കൈകോര്‍ത്ത് പോരാടണം ‘, പ്രശാന്ത് കിഷോര്‍ പറഞ്ഞു.
രാജ്യത്തെ പകുതി ഹിന്ദുക്കള്‍ പോലും ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ 80 ശതമാനത്തോളം ഹിന്ദുക്കളുണ്ട്. വെറും 40 ശതമാനത്തിന്റെ വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.
അതിനര്‍ത്ഥം പകുതി ഹിന്ദുക്കള്‍ പോലും ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെന്നാണെന്നും പ്രശാന്ത് കിഷോര്‍ വിശദീകരിച്ചു. കൃഷ്ണഗഞ്ച് ജില്ലയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് കിഷോര്‍.
മദ്യമാഫിയയുമായി പ്രശാന്ത് കിഷോറിന് ബന്ധമുണ്ടെന്ന ജെ.ഡി.യു ജനറല്‍ സെക്രട്ടറി മനീഷ് കുമാറിന്റെ ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച അദ്ദേഹം, തെരുവിലെ പട്ടികളെ ഗൗനിക്കേണ്ടതില്ലെന്നും എല്ലാവരോടും പ്രതികരിക്കണമെന്നില്ലെന്നും പരിഹസിച്ചു.
ബീഹാറില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു 25 സീറ്റിലധികം നേടില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. 25 സീറ്റിലധികം ജെ.ഡി.യു നേടിയാല്‍ താന്‍ രാഷ്ട്രീയം വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സീറ്റ് സംബന്ധിച്ച് നടത്തിയ പ്രവചനം ശരിയായിരുന്നെന്നും അതുകൊണ്ട് തന്നെ ബീഹാര്‍ തെരഞ്ഞെടുപ്പിലെ തന്റെ പ്രവചനവും ശരിയാകുമെന്നും പ്രശാന്ത് കിഷോര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നൂറ് സീറ്റ് തികയ്ക്കില്ലെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രവചനം. അതുശരിവെയ്ക്കുന്ന തരത്തില്‍ 77 സീറ്റുകളാണ് പശ്ചിമബംഗാളില്‍ ബി.ജെ.പിക്ക് നേടാനായത്. ബീഹാറില്‍ ഒക്ടോബര്‍-നവംബര്‍ മാസത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
ബീഹാറിലെ വോട്ട് മോഷണ ആരോപണവും ഇന്ത്യാ സഖ്യത്തിന്റെ വോട്ടര്‍ അധികാര്‍ യാത്രയും ഭരണകക്ഷിയായ എന്‍.ഡി.എയ്ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടല്‍.
Content Highlight: Half of the country’s Hindus did not vote for BJP: Prashant Kishore