ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളില്‍ പകുതിപ്പേര്‍ക്കും വീട്ടില്‍ കക്കൂസില്ലാത്തതിനാല്‍ മലമൂത്ര വിസര്‍ജനം തുറസ്സായ സ്ഥലത്താണ്, പക്ഷേ അവരില്‍ മിക്കവരുടേയും പക്കല്‍ മൊബൈല്‍ ഫോണുണ്ട്. പുതിയ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.
രാജ്യത്ത് ആകെ 246.6 ദശലക്ഷം വീടുകളാണുള്ളത്. ഇതില്‍ 46.9% വീടുകളിലും ടോയ്‌ലറ്റ് സൗകര്യമില്ല. ഇതില്‍ 3.2% പേരും പൊതുടോയ്‌ലറ്റുകളാണ് ഉപയോഗിക്കുന്നത്. ശേഷിക്കുന്നവര്‍ തുറസ്സായ സ്ഥലമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ വീടുകളില്‍ മിക്കതിലും ടെലിഫോണ്‍ സൗകര്യമുണ്ട്. രാജ്യത്തെ 63.2% വീടുകളിലും മൊബൈല്‍ ഫോണുണ്ടെന്നാണ് സെന്‍സസില്‍ നിന്ന് വ്യക്തമായിരിക്കുന്നത്.
വിദ്യാഭ്യാസമില്ലായ്മയാണ് ശുചിത്വമില്ലായ്മയ്ക്ക് പ്രധാനകാരണമെന്നാണ് സെന്‍സസ് കമ്മീഷണര്‍ സി. ചന്ദ്രമൗലി പറയുന്നത്.
സമൂഹത്തിലുണ്ടായിട്ടുള്ള എല്ലാ മാറ്റങ്ങളും കൃത്യമായി പ്രതിഫലിക്കുന്നതാണ് ഈ സെന്‍സസ്. ഇന്ത്യന്‍ സമൂഹം ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത് അണുകുടുംബത്തിനാണ്. ഇവരില്‍ ഭൂരിപക്ഷവും വെളിച്ചത്തിന് വൈദ്യുതിയും വിവരങ്ങള്‍ അറിയുവാനായി റേഡിയോയെക്കാള്‍ കൂടുതല്‍ ടെലിവിഷനുമാണ് വ്യാപകമായി ഉപയോഗിക്കുന്നത്. അതേസമയം സ്ത്രീകള്‍ ഭൂരിപക്ഷവും ഇന്ധമായി ഉപയോഗിക്കുന്നത് വിറക് തന്നെയാണ്. ജനസംഖ്യയുടെ മൂന്നിലൊരു വിഭാഗത്തിന് മാത്രമാണ് ശുദ്ധജലം ലഭിക്കുന്നത്.
വീടുവീടാന്തരമുള്ള സൗകര്യങ്ങളുടെ കണക്കുകള്‍ ക്രോഡീകരിച്ച വീവരങ്ങള്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ്ങാണ് ഇന്നലെ പുറത്തിറക്കിയത്. പകുതി കുടുംബങ്ങള്‍ക്കുമാത്രമാണ് വീട്ടുവളപ്പില്‍ വെള്ളം കിട്ടുന്നത്. 36% പേര്‍ അര കിലോമീറ്ററെങ്കിലും വെള്ളത്തിനുവേണ്ടി നടക്കണം. എങ്കിലും ടാപ്പ് വെള്ളവും കുഴല്‍ കിണറില്‍ നിന്നുള്ള വെള്ളവുമൊക്കെയായി കുടിവെള്ള സൗകര്യം 87% പേര്‍ക്കിമുണ്ട്. മൂന്നിലോന്ന് വീടുകളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല.
അതേസമയം രാജ്യത്തെ തെറ്റായ വികസന സമ്പ്രദായത്തിന്റെ അനന്തരഫലമാണ് സെന്‍സസ് കണക്കെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാതെ വികസനത്തിന്റെ കണക്ക് പറയുന്ന ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കുന്നതാണ് സെന്‍സസ് കണക്കെന്ന് ഇവര്‍ പറയുന്നു. മാറിയ ലോകത്ത് അതിജീവനത്തിനായി മൊബൈല്‍ ഫോണ്‍ വാങ്ങുന്ന സാധാരണക്കാര്‍ക്ക് അടിസ്ഥാന ആവശ്യം പോലും പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.