ഭോപ്പാല്‍: ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മധ്യപ്രദേശിലെ ഭോപ്പാലിലെ ഹിന്ദുത്വ സംഘടനയായ സകല്‍ ഹിന്ദു സമാജിന്റെ പ്രതിഷേധം.
ഹലാല്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ ലഭിക്കുന്ന പണം രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുവെന്ന ആരോപണമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.
ഒക്ടോബര്‍ 3ന് നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ പ്രചരിക്കുന്നുണ്ട്. പാക്കറ്റ് ഭക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അവയില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ അടയാളമുണ്ടോയെന്ന് പരിശോധിക്കണമെന്നും സംഘടനയുടെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഹലാല്‍ സര്‍ട്ടിഫിക്കേഷനിലൂടെ ലഭിക്കുന്ന ഫണ്ട് തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാമെന്നും അതിനാല്‍ ഹലാല്‍ അടയാളമുള്ള ഉത്പന്നങ്ങള്‍ ഒഴിവാക്കണമെന്നുമായിരുന്നു പ്രതിഷേധത്തിലെ പ്രധാന ആവശ്യം.
ഇതോടൊപ്പം ‘ഇസ്‌ലാമിക് ജിഹാദ് മുര്‍ദാബാദ്’ ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളും ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. വീഡിയോയയ്ക്ക് നേരെ ഹലാല്‍ ഉപയോക്താക്കള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ചിലര്‍ മധ്യപ്രദേശ് പൊലീസിനെ ടാഗ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ഭോപ്പാല്‍ പൊലീസോ മറ്റ് ഔദ്യോഗിക അധികൃതരോ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Halal products fund terrorist activities; Hindutva organization calls for a boycott.