| Saturday, 24th October 2026, 6:30 pm

ആ സിനിമയുടെ ഫസ്റ്റ് ഹാഫ് മാസ്റ്റര്‍ക്ലാസാണ്, സെക്കന്‍ഡ് ഹാഫ് പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തത് തിരിച്ചടിയായി മാറി: ഹക്കിം ഷാ

അമര്‍നാഥ് എം.

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാലോകത്തേക്ക് കടന്നുവന്ന് ഇന്ന് മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ഹക്കിം ഷാ. എ.ബി.സി.ഡിയിലെ ചെറിയ വേഷത്തിലൂടെ ക്യാമറക്ക് മുന്നിലെത്തിയ താരത്തിന്റെ കരിയറില്‍ ബ്രേക്ക്ത്രൂവായത് തമിഴ് ചിത്രമായ കടസീല ബിരിയാണിയാണ്. ചിത്രത്തിലെ വില്ലന്‍ വേഷം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടു.

പ്രണയ വിലാസത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ ഹക്കിം ഷായുടെ കരിയര്‍ മാറിമറിഞ്ഞു. തമിഴിലും മലയാളത്തിലുമായി മികച്ച പ്രൊജക്ടുകള്‍ താരത്തെ തേടിയെത്തി. തിയേറ്ററുകളില്‍ ചരിത്രവിജയം സ്വന്തമാക്കുന്ന ജയിലര്‍ 2 ആണ് ഹക്കിമിന്റെ പുതിയ ചിത്രം. രജിനികാന്ത് നായകനായ ചിത്രത്തില്‍ ശര്‍വ കല്‍പക് എന്ന വില്ലനായാണ് താരം വേഷമിടുന്നത്. ജയിലര്‍ 2ന് മുമ്പ് ഹക്കിം ഭാഗമായ ചിത്രങ്ങളിലൊന്നായിരുന്നു ഐ നോബഡി.

പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോയി. നെഗറ്റീവ് ഷെയ്ഡുള്ള അനസ് എന്ന കഥാപാത്രമായാണ് ഹക്കിം ഷാ ഐ, നോബഡിയില്‍ വേഷമിട്ടത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുള്ള ചിത്രമായിരുന്നു ഐ, നോബഡിയെന്നും എന്നാല്‍ സ്‌ക്രിപ്റ്റിലെ ചെറിയൊരു ഭാഗം കണക്ടാകാത്തത് തിരിച്ചടിയായെന്ന് ഹക്കിം ഷാ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഐ, നോബഡി സത്യം പറഞ്ഞാല്‍ ഈയടുത്ത് വന്ന ബെസ്റ്റ് സിനിമകളിലൊന്നായിരുന്നു. ആ പടത്തിന്റെ ഫസ്റ്റ് ഹാഫ് ഒരു മാസ്റ്റര്‍ക്ലാസാണ്. ടെക്‌നിക്കലി വലിയ സൗണ്ടായിട്ടുള്ള, ടൈറ്റ് സ്‌ക്രീന്‍പ്ലേയുള്ള ഫസ്റ്റ് ഹാഫായിരുന്നു അതിന്. പക്ഷേ, സെക്കന്‍ഡ് ഹാഫിലെ ഒരു പോയിന്റില്‍ കഥ വേറൊരു ട്രാക്കിലേക്ക് പോയത് പലര്‍ക്കും അംഗീകരിക്കാനായില്ല.

അതുവരെ അവര്‍ കണ്ടുകൊണ്ടിരുന്ന സിനിമയില്‍ നിന്ന് മാറിനിന്നതുപോലെയായിരുന്നു പലര്‍ക്കും തോന്നിയത്. അനസ് എന്ന ക്യാരക്ടറും എനിക്ക് കിട്ടിയ ഡിഫറന്റായിട്ടുള്ള ഒന്നായിരുന്നു. ആ ക്യാരക്ടറിനെക്കുറിച്ച് എന്നോട് പറഞ്ഞപ്പോള്‍ തന്നെ ‘മുഖം വലിഞ്ഞിരിക്കുന്ന അനസ്’ എന്നാണ്. അവിടെ തന്നെ എനിക്ക് ആ ക്യാരക്ടറിനെ പിടികിട്ടി,’ ഹക്കിം ഷാ പറഞ്ഞു.

കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഐ, നോബഡി. പൃഥ്വിരാജ് നായകനായ ചിത്രം റിലീസിന് മുമ്പ് വലിയ പ്രതീക്ഷ സമ്മാനിച്ചിരുന്നു. രാജീവന്‍ എന്ന സാധാരണക്കാരന്‍ ഒരുദിവസം ഒരു ബാങ്ക് മോഷണത്തിന്റെ ഭാഗമാകുന്നതും പിന്നീട് അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമായിരുന്നു ചിത്രത്തിന്റെ കഥ. രണ്ടാം പകുതിയിലെ അനാവശ്യ പൊളിറ്റിക്കല്‍ ട്രാക്ക് ഐ, നോബഡിക്ക് തിരിച്ചടിയായി.

Content Highlight: Hakkim Shah about the failure of I Nobody movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more