മലയാളികളുടെ ഇഷ്ടനടന്മാരില്‍ ഒരാളാണ് ഹക്കിം ഷാ. മാര്‍ട്ടിന്‍ പ്രക്കാട് സംവിധാനം ചെയ്ത എ.ബി.സി.ഡിയിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ ആദ്യ ചിത്രത്തില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം തിളങ്ങി. 2021ല്‍ പുറത്തിറങ്ങിയ കടസീല ബിരിയാണി എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും താരത്തിന് ബ്രേക്ക് ത്രൂ ആയി തീര്‍ന്ന ചിത്രം പ്രണയവിലാസമാണ്.
2024ല്‍ താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. റാണി പത്മിനി, വിക്രമാദിത്യന്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി സന അല്‍ത്താഫാണ് ഹക്കിമിന്റെ പങ്കാളി.
ഇപ്പോള്‍ മലയാള മനോരമ ആഴ്ച്ചപതിപ്പുമായുള്ള അഭിമുഖത്തില്‍ സനയെ കുറിച്ച് സംസാരിക്കുകയാണ് ഹക്കിം ഷാ. ആക്ടിങ്ങ് ലാബില്‍വെച്ചാണ് താന്‍ സനയെ പരിചയപ്പെട്ടതെന്ന് നടന്‍ പറയുന്നു.
‘ട്രെയിനര്‍ എന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. ആക്ട് ലാബില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് സജീവ് സാര്‍ ആക്ടിങ് ക്ലാസുകള്‍ എടുക്കാന്‍ പോകുമ്പോള്‍ ഞങ്ങള്‍ മൂന്നു നാലു പേര്‍ സഹായികളായി പോകുമായിരുന്നു. അങ്ങനെയാണ് സനയുടെ വീട്ടില്‍ പോയത്. അന്ന് പരിചയപ്പെട്ടെങ്കിലും ‘ഹായ് ബൈ’ ബന്ധം മാത്ര മായിരുന്നു. കോവിഡ് കാലത്താണ് സനയുമായി കൂടുതല്‍ അടുത്തത്.
ഞങ്ങളുടെ ഫ്‌ലാറ്റുകള്‍ ഒരേ അപ്പാര്‍ട്‌മെന്റിലായിരുന്നു. കോവിഡ് സമയത്ത് പുറത്തു പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നല്ലോ. അപ്പോള്‍ ആകെ സംസാരിക്കാന്‍ പറ്റിയത് ഫ്‌ലാറ്റിലുള്ള ആളുകളോടാണ്. ആക്ടിങ് പരിശീലനത്തിനായി സനയുടെ ഫ്‌ലാറ്റില്‍ വന്നിട്ടുള്ളതുകൊണ്ട് അവരുടെ കുടുംബവുമായും നല്ല ബന്ധമുണ്ടായിരുന്നു. ഫ്‌ലാറ്റിന്റെ പരിസരങ്ങളില്‍ എപ്പോഴും ഞങ്ങള്‍ ഒരുമിച്ച് കാണും. അങ്ങനെ ക്രമേണ സംസാരിച്ചു സംസാരിച്ചു സുഹൃത്തുക്കളായി. പിന്നീട് അത് വിവാഹത്തിലെത്തി,’ ഹക്കിമിന്റെ വാക്കുകള്‍
ഫെബിന്‍ സിദാര്‍ത്ഥിന്റെ സംവിധാനത്തില്‍ നിഖില വിമല്‍ പ്രധാനവേഷത്തിലെത്തിയ പെണ്ണുകേസ് ആണ് ഹക്കിം ഷായുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ജിയോ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച റോസ്ലിന്‍ എന്ന വെബ്‌സീരീസിലും ഹക്കിം പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Hakkim Shah about his partner Sana Altaf