മലയാളികളുടെ ഇഷ്ടനടന്മാരില്‍ ഒരാളാണ് ഹക്കിം ഷാ. മാര്‍ട്ടിന്‍ പ്രക്കാട് സംവിധാനം ചെയ്ത എ.ബി.സി.ഡിയിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ ആദ്യ ചിത്രത്തില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം തിളങ്ങി. 2021ല്‍ പുറത്തിറങ്ങിയ കടസീല ബിരിയാണി എന്ന സിനിമയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും താരത്തിന് ബ്രേക്ക് ത്രൂ ആയി തീര്‍ന്ന ചിത്രം പ്രണയവിലാസമാണ്.
നിഖില്‍ മുരളിയുടെ സംവിധാനത്തില്‍ അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തില്‍ വിനോദ് എന്ന കഥാപാത്രമായാണ് ഹക്കിം എത്തിയത്. ഇപ്പോള്‍ കരിയറില്‍ വഴിത്തിരിവായ തീര്‍ന്ന സിനിമയെ കുറിച്ച് ഹക്കിം മനസ് തുറക്കുന്നു.
‘പ്രണയവിലാസ’ത്തിലെ വിനോദ് എന്ന കഥാപാത്രം, രണ്ടു കാലഘട്ടങ്ങളിലുള്ള വേഷമായിരുന്നു. യുവാവായും മധ്യവയസ്‌കനായും ആ സിനിമയില്‍ അഭിനയിച്ചു. ആ കഥാപാത്രം ആളുകള്‍ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അത് ചെയ്ത രീതിയും സിനിമയും ജനങ്ങള്‍ വലിയ രീതിയില്‍ ഏറ്റെടുത്തു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് സൈമ അവാര്‍ഡും ആ വേഷത്തിനു ലഭിച്ചു.
എന്റെ കരിയറില്‍ ഇടയ്ക്കിടെ വലിയ ഗ്യാപ്പുകള്‍ വരാറുണ്ടായിരുന്നു. ‘ചാര്‍ലി’കഴിഞ്ഞപ്പോള്‍ രക്ഷാധികാരി ബൈജു, നാം, നായാട്ട് തുടങ്ങിയ സിനിമകളും ചെയ്തു. തമിഴില്‍ ‘കടസില ബിരിയാണി’യിലും അഭിനയിച്ചു. ആ സമയത്ത് അഭിനയിച്ച ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ എന്ന ഷോര്‍ട്ട് ഫിലിം ഒരുപാട് ചര്‍ച്ചയായി. അര്‍ച്ചന 31 നോട്ട് ഔട്ട്’, ‘ഡിയര്‍ ഫ്രണ്ട്, തുടങ്ങിയ സിനിമകളിലും അവസരം ലഭിച്ചു. തമിഴില്‍ സ്വര്‍ഗവാസല്‍ എന്നൊരു സിനിമയും ചെയ്തു,’ ഹക്കിമിന്റെ വാക്കുകള്‍
ആര്‍.ജെ ഷാനിന്റെ സംവിധാനത്തില്‍ അനുപമ പരമേശ്വരനും ഹക്കിം ഷായും പ്രധാനവേഷങ്ങളിലെത്തിയ ഷോര്‍ട് ഫിലിമാണ് ഫ്രീഡം അറ്റ് മിഡ് നൈറ്റ്. യൂട്യൂബില്‍ 19 മില്ല്യണിലേറെ കാഴച്ചക്കാരുള്ള സീരീസ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു.
സീക്രട്ട് സ്റ്റോറീസ്: റോസ്ലിന്‍ എന്ന വെബ് സീരീസാണ് ഹക്കിമിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്ത സീരീസിന്റെ സ്‌ക്രിപ്റ്റ് തയാറാക്കിയത് ഗാനരചയിതാവായ വിനായക് ശശികുമാറാണ്. മിസ്റ്ററി ത്രില്ലര്‍ ഴോണറിലൊരുങ്ങിയ റോസ്ലിന്റെ ഷോ റണ്ണര്‍ ജീത്തു ജോസഫാണ്. മീന, വിനീത്, സഞ്ജന ദീപു എന്നിവരാണ് സീരീസിലെ പ്രധാന താരങ്ങള്‍.
Content Highlight: Hakkim about his turning point in film career