| Saturday, 2nd November 2013, 12:19 am

പാക്ക് താലിബാന്‍ തലവന്‍ ഹക്കീമുള്ള മെഹ്‌സൂദ് കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഇസ്ലാമാബാദ്: പാക്ക് താലിബാന്‍ ചീഫ് ഹക്കീമുള്ള മെഹ്‌സൂദ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ പൈലറ്റില്ലാ വിമാനത്തിന്റെ ആക്രമണത്തില്‍ മെഹ്‌സൂദ് കൊല്ലപ്പെട്ടതായാണ് പാക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിദേശ  മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

വടക്കന്‍ വസീറിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഹക്കീമുള്ള മരിച്ചത്. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ വസീരിസ്ഥാന്‍ താലിബാന്‍ തീവ്രവാദികളുടെ ശക്തികേന്ദ്രമാണ്.

ഇവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ദാന്‍ദാ ദാര്‍പാ ഖേല്‍ പ്രദേശത്താണ് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയത്. മുപ്പതുകാരനായ ഹക്കീമുള്ള മരിച്ചതായി മുന്‍പും പലതവണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെ ഹക്കീമുള്ള കൊല്ലപ്പെട്ടതായി പാക്ക് സൈനീക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പൈലറ്റില്ലാ വിമാനമായ ഡ്രോണിന്റെ ആക്രമണത്തില്‍ ഹക്കീമുള്ള അടക്കം നാല് പാക് താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇവരില്‍ ഹക്കീമുള്ളയുടെ സ്വകാര്യ സുരക്ഷാ ഭടനും ഡ്രൈവറും ഉണ്ടെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2009ലാണ് പാക്ക് താലിബാന്റെ നേതാവായി ഹക്കീമുള്ള ചുമതലയേല്‍ക്കുന്നത്.

ഹക്കീമുള്ളയുടെ തലയ്ക്ക് അമേരിക്ക അഞ്ച് ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എയുടെ ഏഴ് പേരെ 2009ല്‍ അഫ്ഗാനില്‍ വെച്ച് കൊലപ്പെടുത്തിയതിന്റെ സൂത്രധാരന്‍ ഹക്കീമുള്ളയാണെന്നാണ് അമേരിക്കയുടെ ആരോപണം.

We use cookies to give you the best possible experience. Learn more