മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ഹക്കിം ഷാ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എ.ബി.സിഡിയിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടി. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത താരം 2021ല്‍ റിലീസായ കടസീല ബിരിയാണി എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. എന്നാല്‍ ഹക്കിമിന് ബ്രേക്ക് ത്രൂ നേടി കൊടുത്ത ചിത്രമായിരുന്നു പ്രണയവിലാസം.
2024ല്‍ താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. റാണി പത്മിനി, വിക്രമാദിത്യന്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി സന അല്‍ത്താഫാണ് ഹക്കിമിന്റെ പങ്കാളി. ഇപ്പോള്‍ മനോരമ ആഴ്ച്ചപതിപ്പുമായുള്ള അഭിമുഖത്തില്‍ വിവാഹത്തിന് ശേഷം സന അഭിനയം നിര്‍ത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം.
‘സന ചെറുപ്പം മുതലേ സിനിമയും സിനിമക്കാരെയും കണ്ടു വളര്‍ന്ന ആളാണ്. ‘ഫോര്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ്’ എന്ന ബാനറില്‍ ‘റാണി പദ്മിനി’ പോലുള്ള സിനിമകള്‍ നിര്‍മിച്ചത് സനയുടെ കുടുംബമാണ്. 14-ാം വയസില്‍ അഭിനയിച്ചു തുടങ്ങി. വിക്രമാദിത്യനാണ് ആദ്യ സിനിമ.
പിന്നീട് ഫഹദ് ഫാസിലിനൊപ്പം ‘മറിയം മുക്ക്’, ഫര്‍ഹാന്‍ ഫാസിലിനൊപ്പം ‘ബഷീറിന്റെ പ്രേമലേഖനം’, ‘ഒടിയനില്‍ മഞ്ജു വാര്യരുടെ അനിയത്തിയായിയൊക്കെ അഭിനയിച്ചു. തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ പോലും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്ന് അവസരങ്ങള്‍ വരുന്നുണ്ട്. പക്ഷേ, അഭിനയിക്കാന്‍ അത്ര താത്പര്യം കാണിക്കുന്നില്ല. തീരെ ഇല്ല എന്നു പറയുന്നില്ല,’ ഹക്കിം പറഞ്ഞു.
റിലീസ് ആകാനിരിക്കുന്ന ഐ നോബഡിയില്‍ തന്റെ ഭാര്യയായിട്ടുതന്നെ സന അഭിനയിക്കുന്നുണ്ടെന്നും ഹക്കിം ഷാ പറയുന്നു. ഗ്ലോബല്‍ ലെവലില്‍ സെക്കന്‍ഡ് റാങ്ക് നേടി എ.സി.സി.എ പാസായ ആളാണ് സനയെന്നും സിനിമയാണ് അവസാന വാക്ക് എന്ന് കരുതുന്ന ഒരാളല്ല സനയെന്നും നടന്‍ പറഞ്ഞു. തനിക്കാണ് സിനിമയോടുള്ള പാഷനും അഭിനയിച്ചുകൊണ്ട് ജീവിക്കണമെന്ന് ആഗ്രഹവുമെന്നും ഹക്കിം കൂട്ടിച്ചേര്‍ത്തു.
ഹക്കിം പ്രധാവേഷത്തിലെത്തിയ റോസ്ലിന്‍ എന്ന വെബ്സീരീസ് ജിയോ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് തുടരുകയാണ്. സുമേഷ് നന്ദകുമാറിന്റെ സംവിധാനത്തില്‍ വിനായക് ശശികുമാര്‍ ആദ്യമായി തിരക്കഥയൊരുക്കിയ സീരീസില്‍ സഞ്ജന ദിപു, മീന, വിനീത് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Hakim Shah talks about his partner Sana Altaf