ഹൈദരാബാദ്: ഇസ്രഈലി പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കാനാണ് ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അലി ഷാബിര്‍. എന്‍.ഡി.എ സര്‍ക്കാറിന്റെ പ്രകടമായ “മുസ്‌ലിം വിരുദ്ധ നിയമം” എന്നാണ് ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
” ഇപ്പോള്‍ ഇന്ത്യയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ സന്തോഷിപ്പിക്കാനാണ് ഇത് ചെയ്തത്.” എന്നും അദ്ദേഹം പറഞ്ഞു.
അപേക്ഷാനടപടികളെല്ലാം പൂര്‍ത്തിയാക്കി ഹജ്ജ് യാത്രയ്ക്ക് തയ്യാറായിക്കൊണ്ടിരിക്കുന്ന 1.75 ലക്ഷം ഹാജിമാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ന്യൂനപക്ഷത്തിനുവേണ്ടി പണം ചിലവഴിക്കാന്‍ എന്‍.ഡി.എയ്ക്ക് ഒരു താല്‍പര്യവുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതായുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായായിരുന്നു പ്രഖ്യാപനം. ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനായി ഈ തുക ചിലവഴിക്കുമെന്ന് അവകാശപ്പെട്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയെടുത്തത്.
700 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡിയായി നല്‍കിയിരുന്നത്.