| Tuesday, 22nd September 2026, 11:18 am

ഇത്രയും ഗതികെട്ട സൂപ്പര്‍സ്റ്റാര്‍ വേറെ ഉണ്ടാകുമോ, 120 കോടിക്ക് ഒരുക്കിയ സിനിമക്ക് ഇന്നലെ കിട്ടിയത് വെറും ഒരു ലക്ഷം; ബോക്‌സ് ഓഫീസില്‍ വീണ് ഹയ്‌വാന്‍

അമര്‍നാഥ് എം.

മലയാളത്തില്‍ ഹിറ്റായ സിനിമകള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്ത് ബ്ലോക്ക്ബസ്റ്ററാക്കിയ ചരിത്രം പ്രിയദര്‍ശനുണ്ട്. മണിച്ചിത്രത്താഴ്, കിരീടം, മാന്നാര്‍ മത്തായി സ്പീക്കിങ്, ബോയിങ് ബോയിങ് തുടങ്ങിയ സിനിമകള്‍ ഹിന്ദിയില്‍ ഗംഭീരവിജയം നേടിയിരുന്നു. എന്നാല്‍ സിനിമയുടെ രീതികള്‍ മാറിയ കാലത്ത് പഴയ വിജയം പ്രിയദര്‍ശന് ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.

അവസാനമായി ചെയ്ത സിനിമകള്‍ പലതും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയിരിക്കുകയാണ്. ഈ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് ഹയ്‌വാന്‍. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ഒപ്പത്തിന്റെ റീമേക്കാണ് ഹയ്‌വാന്‍. മോഹന്‍ലാലിന്റെ റോളില്‍ സെയ്ഫ് അലി ഖാനും വില്ലനായി അക്ഷയ് കുമാറും വേഷമിട്ട ചിത്രം വന്‍ പരാജയത്തിലേക്ക് കുതിക്കുകയാണ്.

റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും ബജറ്റ് തിരിച്ചുപിടിക്കാന്‍ ഹയ്‌വാന് സാധിച്ചിട്ടില്ല. 120 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം ഇതുവരെ 10 കോടി മാത്രമാണ് സ്വന്തമാക്കിയത്. ഒമ്പതാം ദിവസമായ ഇന്നലെ വെറും ഒരു ലക്ഷമാണ് ചിത്രത്തിന് നേടാനായത്. വീക്കെന്‍ഡില്‍ ഒരു കോടി പോലും ഹയ്‌വാന് നേടാനായില്ല.

രണ്ട് എ ലിസ്റ്റ് താരങ്ങള്‍ ഒന്നിച്ച സിനിമക്ക് ഇത്രയും ചെറിയ കളക്ഷന്‍ ലഭിച്ചതാണ് സിനിമാലോകത്തെ പുതിയ ചര്‍ച്ച. ഒരു വര്‍ഷത്തില്‍ നാലും അഞ്ചും സിനിമകള്‍ ചെയ്യുന്ന അക്ഷയ് കുമാര്‍ ആ സിനിമകളുടെ ക്വാളിറ്റി കൂടി ശ്രദ്ധിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സ്വന്തം സിനിമ അന്യഭാഷയില്‍ റീമേക്ക് ചെയ്ത് ഫ്‌ളോപ്പാകരുതെന്നും പ്രിയദര്‍ശനെ ഉദ്ദേശിച്ചും കമന്റുകളുണ്ട്.

സംവിധായകനും നായകനും പുറമെ നിര്‍മാതാക്കളും ഹയ്‌വാന്റെ പരാജയത്തിന് പിന്നാലെ ട്രോള്‍ മെറ്റീരിയലാകുന്നുണ്ട്. കന്നഡയിലെ മുന്‍നിര നിര്‍മാതാക്കളായ കെ.വി.എന്‍. പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. ഈ വര്‍ഷം കെ.വി.എന്‍ നിര്‍മിച്ച സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെയാണ് പരാജയമായത്. ജന നായകന്‍, ടോക്‌സിക്, കെ.ഡി ദി ഡെവിള്‍ എന്നിവയാണ് കെ.വി.എന്നിന്റെ മുന്‍ ചിത്രങ്ങള്‍.

മലയാളത്തിലെ ഒപ്പത്തിനെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പ്രിയദര്‍ശന്‍ ഹിന്ദിയില്‍ അവതരിപ്പിച്ചത്. അന്ധനായുള്ള സെയ്ഫ് അലി ഖാന്റെ പ്രകടനവും അക്ഷയ് കുമാറിന്റെ വില്ലനിസവും ഇതിനോടകം ട്രോള്‍ മെറ്റീരിയലായിക്കഴിഞ്ഞു. ചിത്രത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനില്‍ മോഹന്‍ലാലിന്റെ അതിഥിവേഷം മാത്രമാണ് പലരും പോസിറ്റീവായി പറയുന്നത്.

Content Highlight: Haiwaan movie collected just one lakh on last day

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more