പുതിയ കാലഘട്ടത്തില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമാണ് സ്തനാര്‍ബുദം. കണ്ടെത്തുവാന്‍ വൈകിയാല്‍ മരണത്തിനുവരെ കാരണമാകുന്ന ഈ രോഗത്തെ നേരത്തെ തിരിച്ചറിയുകയെന്നതാണ് രക്ഷപ്പെടാന്‍ ഏറ്റവും നല്ല മാര്‍ഗം.
മാമോഗ്രാഫി ഉപയോഗിച്ചാണ് സാധാരണയായി സ്തനാര്‍ബുതം കണ്ടെത്തുന്നത്. സംശയമുള്ളവര്‍ ഈ പരിശോധനയ്ക്ക് വിധേയയാകും. രോഗനിര്‍ണയം നടത്തിയാല്‍ ചികിത്സതേടുകയുമാണ് പതിവ്. എന്നാല്‍ മുടി പരിശോധനയിലൂടെ സ്തനാര്‍ബുദം കണ്ടെത്താനാവുമെന്നാണ് ഒരു ഓസ്‌ത്രേലിയന്‍ റിസര്‍ച്ച് കമ്പനി വാദിക്കുന്നത്. ഓസ്‌ത്രേലിയയിലെ എസ്.ബി.സി റിസര്‍ച്ച് എന്ന കമ്പനിയാണ് മാമോഗ്രഫിക്കു പകരമുള്ള ഈ മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്.
സ്തനാര്‍ബുദമുള്ള സ്ത്രീകളുടെ രക്തത്തില്‍ ഫോസ്‌ഫോലിപ്പിഡ്‌സ് അളവ് വര്‍ധിക്കുമെന്നാണ് ഇവരുടെ നിഗമനം. ഈ വര്‍ധനവ് മുടി പരിശോധിക്കുന്നതിലൂടെ മനസിലാകും.
മാമോഗ്രഫി സാധാരണയായി 50 കഴിഞ്ഞ സ്ത്രീകള്‍ക്കാണ് കൂടുതല്‍ നിര്‍ദേശിക്കാറ്. എന്നാല്‍ മുടി പരിശോധനക്ക് ഇത്തരം നിബന്ധനകളില്ലെന്നതും കാര്യങ്ങള്‍ എളുപ്പമാക്കുന്നു. അതുകൊണ്ടുതന്നെ ഈ ടെസ്റ്റ് വ്യാവസായിക വത്കരിക്കാനാണ് കമ്പനിയുടെ നീക്കം. ക്യാന്‍സര്‍ സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് പ്രതിവിധികള്‍ സ്വീകരിക്കാനും ഇത്തരം പരിശോധന സഹായിക്കും.