വലിയ പ്രമോഷൻ ബഹളങ്ങളില്ലാതെ തിയേറ്ററുകളിലെത്തിയ ‘ഹെയിൽ മേരി’ക്ക് ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണം. കുഞ്ചാക്കോ ബോബനെയും സുരാജ് വെഞ്ഞാറമൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു രവികുമാർ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരിൽ ആകാംക്ഷ നിലനിർത്തുന്ന മിസ്റ്ററി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. പ്രധാന താരങ്ങളുടെ പ്രകടനത്തിനും സാങ്കേതിക മികവിനുമാണ് ആദ്യ പ്രതികരണങ്ങളിൽ കൈയടി ലഭിക്കുന്നത്.
തുടരെത്തുടരെയുള്ള പരാജയങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബന് ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുന്ന ചിത്രമായിരിക്കും ‘ഹെയിൽ മേരി’ എന്നാണ് ചില പ്രേക്ഷകരുടെ വിലയിരുത്തൽ. സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ സംഗീതം, എഡിറ്റിങ്, ഛായാഗ്രഹണം എന്നിവയും പ്രേക്ഷകർ എടുത്തുപറയുന്നുണ്ട്. ചമൻ ചാക്കോയുടെ എഡിറ്റിങ്ങും റോബി വർഗീസ് രാജിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ ആസ്വാദനത്തിന് സഹായിക്കുന്നുവെന്നാണ് പ്രതികരണങ്ങൾ.
ഹെയിൽ മേരി. Photo. IMDb
പ്രശസ്ത സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കിയാണ് ‘ഹെയിൽ മേരി’ ഒരുക്കിയിരിക്കുന്നത്. നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മിസ്റ്ററി ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ കഥാസന്ദർഭങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെയാണ് അണിയറപ്രവർത്തകർ സിനിമ പ്രേക്ഷകരിലേക്ക് എത്തിച്ചത്.
ചിത്രത്തിന്റെ ട്രെയ്ലർ ഇന്നലെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കഥയെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകാതെ പ്രേക്ഷകരിൽ ആകാംക്ഷ നിലനിർത്തിയുള്ള പ്രൊമോഷനും ശ്രദ്ധേയമായിരുന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരാണ് നിർമാതാക്കൾ.
കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർക്കൊപ്പം വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, അക്ഷര ഷൈനോദ്, സുഹാസിനി, കാവ്യ രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അർച്ചന പദ്മിനി, ബിനോയ് നമ്പാല, ജാസിം ഹാഷിം, ഭാനുപ്രിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഹെയിൽ മേരി. Photo. IMDb
ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചമൻ ചാക്കോ എഡിറ്റിങ്ങും റോബി വർഗീസ് രാജ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ. സമീറ സനീഷ് വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും കൈകാര്യം ചെയ്യുന്നു. ആദ്യ ഷോയ്ക്ക് പിന്നാലെ ലഭിക്കുന്ന പ്രതികരണങ്ങൾ വരും ദിവസങ്ങളിലും തുടരുകയാണെങ്കിൽ ‘ഹെയിൽ മേരി’ക്ക് മികച്ച പ്രേക്ഷകശ്രദ്ധ നേടാനാകുമെന്നാണ് പ്രതീക്ഷ.
Content Highlight: ‘Hail Mary,’ which arrived in theaters without much promotional fanfare, received an excellent response following its first show