| Thursday, 22nd October 2026, 10:14 am

ലാലേട്ടനെ ഫോഴ്സ് ചെയ്തെന്ന് പറയാം, അതാണ് ഭംഗിയെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു: ജിഷാദ് ഷംസുദ്ദീന്‍

ആര്യ

മോഹന്‍ലാലിന്റെ കണ്ണുകള്‍ക്ക് ഒരു പ്രത്യേക മാജിക്കുണ്ട്. ആ കണ്ണുകളുടെ ഭംഗി കെടുത്താത്ത രീതിയിലാണ് ജയിലറിലെ ഓരോ ലുക്കിലും അദ്ദേഹത്തിന് ഷേഡ്സ് തെരഞ്ഞെടുത്തതെന്ന് പറയുകയാണ് ഡിസൈനറും സ്‌റ്റൈലിസ്റ്റുമായ ജിഷാദ് ഷംസുദ്ദീന്‍.

ജയിലര്‍ 2 വിലെ ഒരു സീനിനായി മോഹന്‍ലാല്‍ ധരിച്ച ഗ്ലാസ് അല്‍പ്പം ഭാരമേറിയതായിരുന്നെന്നും ധരിക്കുമ്പോള്‍ അസ്വസ്ഥതയുണ്ടായിരുന്നിട്ടും ആ ലുക്കിന്റെ ഭംഗിക്കായി അദ്ദേഹം അത് ഉപയോഗിക്കാന്‍ തയ്യാറായെന്നും ജിഷാദ് പറയുന്നു.
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ ലുക്കുകള്‍ക്ക് പിന്നിലെ വിശേഷങ്ങള്‍ ജിഷാദ് പങ്കുവെച്ചത്.

‘മോഹന്‍ലാല്‍ സാറിന് ഷേഡ്സ് തെരഞ്ഞെടുക്കുമ്പോള്‍ ഒരിക്കലും കംപ്ലീറ്റ്‌ലി ഡാര്‍ക്കര്‍ ഷേഡ്‌സ് കൊടുക്കാറില്ല. അദ്ദേഹത്തിന്റെ കണ്ണുകള്‍ തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. ആ ഭംഗി പരമാവധി പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്ന ഗ്ലാസുകള്‍ മാത്രമാണ് തെരഞ്ഞെടുക്കാറുള്ളത്. ജയിലര്‍ 2വിലും ഇതേ രീതിയാണ് പിന്തുടര്‍ന്നത്.

ചിത്രത്തിന്റെ ട്രെയിലറില്‍ കാണുന്ന ഒരു സീനിനായി തെരഞ്ഞെടുത്ത ഗ്ലാസ് അല്‍പ്പം വ്യത്യസ്തമായിരുന്നു. ഫ്രെയിമില്ലാത്ത ആ ഗ്ലാസ് ഭാരമേറിയതായിരുന്നു. കണ്ണിന് താഴെ വന്നിരിക്കുന്ന ഭാഗത്ത് അത് ധരിക്കുമ്പോള്‍ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുമായിരുന്നു. എന്നിട്ടും ആ ഗ്ലാസ് ധരിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ ലുക്ക് ഏറെ ഭംഗിയുള്ളതായിരുന്നു, ജിഷാദ് പറഞ്ഞു.

‘ആ സീനിനായി നാലോ അഞ്ചോ ഗ്ലാസുകളുടെ ഓപ്ഷനുകള്‍ ഞാന്‍ വെച്ചിരുന്നു. ആദ്യം മറ്റൊരു ഗ്ലാസാണ് സെലക്ട് ചെയ്തത്. പക്ഷേ, എനിക്ക് ഇഷ്ടപ്പെട്ട ഗ്ലാസ് ലാലേട്ടന്‍ ഇട്ടാല്‍ നന്നാകുമെന്ന് തോന്നി. ഒരു ഷോട്ടല്ലേ എന്നായിരുന്നു എന്റെ ചിന്ത.

എന്നാല്‍ ആ ഷോട്ട് എത്ര തവണ എടുക്കേണ്ടിവരും, എത്ര സമയം പോകും, അതിന് കണ്ടിന്യൂറ്റി ഉണ്ടാകുമോ എന്നൊന്നും അറിയില്ലല്ലോ. ഗ്ലാസ് അല്‍പ്പം ഹെവിയാണെന്നും മറ്റേ ഗ്ലാസ് ധരിക്കുന്നതാണ് കംഫര്‍ട്ടെന്നും ലാലേട്ടന്‍ പറഞ്ഞു. പിന്നെ ഗ്ലാസ് വേണ്ടെന്ന തീരുമാനത്തിലേക്കും എത്തി.

എന്നാല്‍ റിഹേഴ്സലിന്റെ സമയത്ത് ഞാന്‍ വീണ്ടും ലാലേട്ടന്റെ അടുത്തുപോയി. ഈ ഗ്ലാസ് വെച്ചാല്‍ നന്നാകുമെന്ന് പറഞ്ഞു.ലാലേട്ടനെ ഫോഴ്സ് ചെയ്തെന്ന് പറയാം, അതാണ് ഭംഗിയെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു.

ഗ്ലാസ് ഇട്ടപ്പോഴുള്ള ലുക്ക് ഭയങ്കര രസമായിരുന്നു. പക്ഷേ, അത് ധരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് ലാലേട്ടന് അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നിട്ടും ആ ലുക്കിനുവേണ്ടി അദ്ദേഹം അത് ചെയ്തു. എന്റെ ഇഷ്ടം മനസിലാക്കിക്കൊണ്ടാണ് അദ്ദേഹം സമ്മതിച്ചതെന്ന് തോന്നുന്നു,’ ജിഷാദ് പറഞ്ഞു.

Content Highlight: Had to Force Lalettan, He Agreed When I Said It Would Look Better Jishad Shamsudeen

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more