| Wednesday, 20th August 2025, 4:45 pm

പ്രമുഖ യുവനേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായി, ബന്ധപ്പെട്ടവരെ അറിയിച്ചപ്പോള്‍ Who Cares എന്ന ആറ്റിറ്റ്യൂഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ പ്രമുഖ യുവനേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി യുവനടിയും മാധ്യപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്.

യുവനേതാവ് തനിക്ക് മോശം സന്ദേശം അയച്ചിട്ടുണ്ടെന്നും മോശമായി അപ്രോച്ച് ചെയ്തിട്ടുണ്ടെന്നും റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി. ഈയടുത്ത് ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകളായി വന്നിരുന്നുവെന്നും റിനി പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു റിനി.

താനൊരു പാര്‍ട്ടിയെയും തേജോവധം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇത്തരം പ്രവണത രാഷ്ട്രീയത്തിലും ഉണ്ടെന്നും റിനി കൂട്ടിച്ചേര്‍ത്തു.

‘ഈ വിഷയത്തില്‍ നമ്മള്‍ പലരോടും സംസാരിച്ചിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്ക് വേണ്ടി നില്‍ക്കുന്നു എന്നുപറയുന്നവര്‍ പോലും യഥാര്‍ത്ഥത്തില്‍ ‘ഹു കെയേഴ്സ്’ എന്ന ആറ്റിറ്റിയൂഡ് ഉള്ളവരാണ്,’ റിനി പറഞ്ഞു.

ഇതിന് ശേഷവും ഈ പറയുന്ന ആളുകള്‍ക്ക് വലിയ സ്ഥാനങ്ങള്‍ നല്‍കുന്ന അവസ്ഥയാണ് ഉള്ളതെന്നും റിനി ആരോപിച്ചു.

ഈ വിഷയം സമൂഹമാധ്യമങ്ങളിലൊക്കെ നില്‍ക്കുന്ന വിഷയമാണെന്നും എന്നിട്ടും മുന്‍നിര മാധ്യമങ്ങള്‍ ഇതിനെ തിരസ്‌കരിക്കുകയാണെന്നും പറഞ്ഞ റിനി, ഇത്തരം വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ ഒരു പ്രാധാന്യവും കൊടുക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തിലായാലും സ്ത്രീകള്‍ കുറച്ച് കൂടി മുന്നോട്ട് വരണമെന്നും എന്നാല്‍ മാത്രമേ അവര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളുവെന്നും റിനി പറഞ്ഞു. ഏത് മേഖല എടുത്ത് കഴിഞ്ഞാലും സ്ത്രീകള്‍ ഒരുപാട് പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും എല്ലാ ദിവസവും ഓരോ കുട്ടികള്‍ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞ റിനി ഇതിനൊക്കെ പരിഹാരം ഉണ്ടാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

കഴിവും ധൈര്യവും തുറന്നുപറയുന്ന സ്ത്രീകളും തഴയപ്പെടുകയാണെന്നും സംസാരിക്കാന്‍ കഴിവുള്ള പ്രവര്‍ത്തിക്കാന്‍ കഴിവുള്ള സ്ത്രീകള്‍ മുന്നോട്ട് വരണമെന്നും അവര്‍ പറഞ്ഞു.

Content Highlight: Had a bad experience with a prominent youth leader says Rini Ann George

We use cookies to give you the best possible experience. Learn more