മലയാള സിനിമയില്‍ എത്ര വലിയ നടനായാലും മോഹല്‍ലാല്‍ ചിത്രത്തിനൊപ്പം ക്ലാഷ് വെക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കും. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് വന്നാല്‍ കുടുംബപ്രേക്ഷകരടക്കം വന്‍ ജനാവലിയായിരിക്കും തിയേറ്ററിലേക്കൊഴുകിയെത്തുക. എന്നാല്‍ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായ ദൃശ്യം 3 ക്ക് വട്ടം വെക്കാനുള്ള ധൈര്യവുമായി എത്തിയിരിക്കുകയാണ് വാഴ 2.
ജീത്തു ജോസഫിന്റെ ദൃശ്യം 3 യുടെ റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ തങ്ങളുടെ ചിത്രവും ഏപ്രില്‍ 2 ന് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. വാഴ 2: ബയോപ്പിക്ക് ഓഫ് എ ബില്ല്യണ്‍ ബ്രോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സവിന്‍.എസ്.എ ആണ്.
ദൃശ്യം 3
സോഷ്യല്‍ മീഡിയയിലെ റീല്‍സുകള്‍ വഴി യുവാക്കള്‍ക്കിടയില്‍ വന്‍ ഓളമുണ്ടാക്കിയ ഹാഷിറും കൂട്ടരുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. വാഴയുടെ ആദ്യ ഭാഗത്തില്‍ ചെറിയ റോളില്‍ വേഷമിട്ട ഇവര്‍ രണ്ടാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുമെന്ന് സൂചനയുണ്ടായിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത് ആനന്ദ് മേനന്‍ ആയിരുന്നു എന്നാല്‍ ചില കാരണങ്ങളാല്‍ രണ്ടാം ഭാഗം സവിന്‍ സംവിധാനം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം നിഗൂഢമായ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ദൃശ്യം 3 യുടെ റിലീസ് ഡേറ്റ് പുറത്തുവന്നത്. വരുണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കൈക്കോട്ട്, വരുണിന്റെ കാര്‍, ഫോണ്‍ എന്നിവയുള്‍പ്പെടുത്തിയ മോഷന്‍ പോസ്റ്ററിലെ അഭിനേതാക്കളുടെ നോട്ടമടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു.
വാഴ. Photo: Ott play
2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം മലയാള സിനിമയെ ലോകസിനിമക്ക് മുന്നില്‍ പരിചയപ്പെടുത്തിയ ചിത്രമായിരുന്നു. ഒട്ടനവധി അന്യഭാഷകളിലേക്കടക്കം റീമേക്ക് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യ രണ്ട് ഭാഗങ്ങളുടെ തുടര്‍ച്ചയായി എങ്ങനെയാണ് മൂന്നാം ഭാഗത്തില്‍ ജോര്‍ജ് കുട്ടിയും കുടുംബവും കേസിനെ നേരിടുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
വലിയ താരനിരയില്ലാതെ പുതുമുഖങ്ങളെ വെച്ച് ഒരുക്കിയ വാഴയുടെ ആദ്യഭാഗം 40 കോടിയോളം രൂപ തിയേറ്ററുകളില്‍ നിന്നും നേടിയിരുന്നു, ഒ.ടി.ടി റിലീസിന് ശേഷവും മികച്ച പ്രതികരണം നേടിയ ചിത്രത്തിനായി സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.
Content Highlight: Haashire and team starring vaazha 2 to clash release with Mohanlal’s Drishyam 3