| Monday, 13th April 2026, 9:06 am

ചുമ്മാ നാട് കാണാന്‍ പോയതാണോ അതോ വേറെ വല്ല കാരണമുണ്ടോ? ഷൂട്ട് ഇല്ലാഞ്ഞിട്ടും ജോര്‍ജിയയിലെത്തിയ ഹാഷിറിന്റെ ചിത്രങ്ങള്‍ വൈറല്‍

അമര്‍നാഥ് എം.

വെറും ഹിറ്റ് ലേബലില്‍ മാത്രം ഒതുങ്ങിയേക്കുമെന്ന് കരുതിയെങ്കിലും ബ്ലോക്ക്ബസ്റ്ററും കടന്ന് ഇന്‍ഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുകയാണ് വാഴ 2. റിലീസ് ചെയ്ത് 12 ദിവസത്തിനുള്ളില്‍ 150 കോടിയെന്ന ഗംഭീര കളക്ഷനാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 80 കോടിയോളം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. പുതുമുഖ താരങ്ങള്‍ അണിനിരന്ന ചിത്രം ഇത്രയും വലിയ വിജയം നേടുന്നത് അത്ഭുതത്തോടെയാണ് ഇന്‍ഡസ്ട്രി നോക്കിക്കാണുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജോര്‍ജിയ ഷെഡ്യൂളിലെ ഫോട്ടോസാണ് വൈറലായത്. സംവിധായകനും പ്രധാന താരങ്ങളായ അലന്‍, വിനായക് എന്നിവര്‍ക്കൊപ്പം ഹാഷിറും നില്‍ക്കുന്ന ഫോട്ടോ ചര്‍ച്ചയായി മാറി. ചിത്രത്തില്‍ ഹാഷിറിന് ജോര്‍ജിയയില്‍ ഷൂട്ടൊന്നും ഉണ്ടായിരുന്നില്ല.

ഷൂട്ട് ഇല്ലാഞ്ഞിട്ടും ഹാഷിര്‍ എന്തിനാണ് ജോര്‍ജിയയില്‍ പോയതെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനുള്ള ഉത്തരവും പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ലൈറ്റ് ബോയ് ആയിട്ടും ക്യാമറമാന്റെ സഹായിയായിട്ടും ഹാഷിര്‍ പണിയെടുക്കുന്നതിന്റെ ഫോട്ടോസ് പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ ഒരുമിച്ച് റീലുകള്‍ ചെയ്യുന്നതിനാല്‍ അലനും വിനായകിനും കോണ്‍ഫിഡന്‍സ് നല്‍കാനും കൂടി വേണ്ടിയാണ് ഹാഷിര്‍ ജോര്‍ജിയയില്‍ പോയതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ക്യാമറക്ക് പിന്നിലെ ഹാഷിറിനെ ഇപ്പോഴാണ് കാണുന്നതെന്നും കമന്റുകളുണ്ട്. ഷൂട്ടില്ലെങ്കിലും ഒരു നടനെ എല്ലാ ചെലവുകളും വഹിച്ച് വിദേശത്തെത്തിച്ച നിര്‍മാതാക്കളെയും പലരും അഭിനന്ദിക്കുന്നുണ്ട്.

ഇന്‍സ്റ്റഗ്രാം റീലുകളില്‍ കോമഡി മാത്രം ചെയ്തിരുന്ന ഹാഷിറും ടീമും ചിത്രത്തിലുടനീളം കൈയടി നേടുന്നുണ്ട്. കോമഡി മാത്രമല്ല, ഇമോഷണല്‍ സീനുകളും തങ്ങള്‍ക്ക് ചെയ്ത് ഫലിപ്പിക്കാനാകുമെന്ന് ഹാഷിറും ഗ്യാങ്ങും തെളിയിച്ചു. ഇവര്‍ക്കൊപ്പം ദേവരാജ്, വേദ ശങ്കര്‍, സീനിയര്‍ താരങ്ങളായ ബിജുക്കുട്ടന്‍, സുധീഷ് എന്നിവരും അവരുടെ വേഷം ഗംഭീരമാക്കി.

ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ മാത്രം ശ്രദ്ധ നേടിയ ഒരുകൂട്ടം ചെറുപ്പക്കാര്‍ക്ക് ബോക്‌സ് ഓഫീസില്‍ എന്ത് ചെയ്യാനാകുമെന്നായിരുന്നു വാഴ 2ന്റെ റിലീസിന് മുമ്പ് പലരും ഉയര്‍ത്തിയ ചോദ്യം. എന്നാല്‍ മോളിവുഡില്‍ ഹിറ്റാകാന്‍ സ്റ്റാര്‍ കാസ്റ്റിനെക്കാള്‍ കണ്ടന്റിനാണ് പ്രാധാന്യമെന്ന് വാഴ 2ന്റെ വിജയം അടിവരയിട്ട് തെളിയിച്ചു.

Content Highlight: Haashir’s presence in Georgia schedule of Vaazha 2 Viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more